December 23, 2007

അമ്മക്കിളിയുടെ പേയിംഗ് ഗസ്റ്റുകള്‍

ജീവിതത്തിലെ ഏകാന്തതക്ക് ഒരു ശമനം കിട്ടാനും കൂട്ടത്തില്‍ ഇച്ചിരി കാശും എന്നുള്ള പോളിസിയിലാണ്‌ അമ്മക്കിളീന്നു വിളിക്കുന്ന കാര്‍ത്യായനി അമ്മച്ചിയുടെയും കൊച്ചേട്ടന്‍ എന്നു വിളിക്കുന്ന അവരുടെ ഭര്‍ത്താവിന്റെയും മാത്രം ലോകത്തേക്ക് പേയിംഗ് ഗോസ്റ്റുകളായിട്ട് ഞങ്ങള്‍ മൂന്ന് ചെങ്ങന്നൂര്‍ എഞ്ചിനീയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്തികള്‍ -ഞാന്‍,കുന്നികോട്ടുകാരന്‍ സജു,എറണാകുളത്തു കാരന്‍ഹരീഷും കൂടെ വന്നു ചേരുന്നത്.ഇടക്ക് സുബ്രമണിയന്‍ എന്ന ഒരു കോട്ടയത്തുകാരനും വന്നു കുടിയേറിയിരുന്നു.പക്ഷെ അവന്‍ വീട് അടുത്തായത് കൊണ്ട് വീട് മടുക്കുമ്പോള്‍ മാത്രം വരാനുള്ള ഒരു ഇടക്കാല വസതി എന്നേ അതിനെ കണ്ടിരുന്നുള്ളൂ.

രണ്ടാം സെമെസ്റ്റെറിന്റെ തുടക്കത്തിലാണ്‌ ഞങ്ങള്‍ അവിടെ ചേക്കേറുന്നത്.ആ വീടിന്റെ പ്രത്യേകതകളില്‍ ഒന്ന്,കോളേജിന്റെ ബാക്കില്‍ തന്നെ ആയതുകൊണ്ട് അതികം നടന്ന് കാലിനിട്ട് പണി കൊടുക്കണ്ട,പിന്നെ ഈ വീടിന്റെ മുന്നില്‍ കൂടെയാണ്‌ രംഭ തിലോത്തമമാര്‍ മുഴുവന്‍ കോളേജിലേക്ക് പോയി കൊണ്ടിരുന്നത്.

കോളേജ് വിട്ടു വന്നാല്‍ നിരന്ന് വീട്ടിലെ സ്റ്റെപ്പിന്റെ മുകളിലിരുന്ന് ഒരു കത്തിയടി പതിവായിരുന്നു.അവിടെ ഇരുന്നാകുമ്പോള്‍ താളിയും ഒടിക്കാം പൂരവും കാണാം,എന്നു പറഞ്ഞപോലെ കത്തി വിത് വായ്‌നോട്ടമായിരുന്നു ലക്ഷ്യം.

ചെവീടെ ഗാരണ്ടി പിരീഡ് ഏതാണ്ട് അമ്മച്ചിക്കും കൊച്ചേട്ടനും തീര്‍ന്നു തുടങ്ങിയിരുന്നു.അതു കൊണ്ട് ഇവര്‍ രണ്ടാളും സ്നേഹത്തോടെഎന്തെങ്കിലും പറയുന്നത് കേട്ടാല്‍ പോലും തല്ലി പിരിയാന്‍ പോവുന്നെന്നേ ഞങ്ങള്‍ക്കു തോന്നാറുള്ളായിരുന്നു.വെയില്‍ ഉച്ചി വെരെഎത്തിയാലും എഴുന്നേല്കാത്ത ഞങ്ങളെ കാലത്ത് ആറുമണിക്കു തന്നെ ഉണര്‍ത്തുന്നതില്‍ ഇവരുടെ ഈ സ്നേഹ സംഭാഷണങ്ങള്‍ നല്ലൊരു പങ്കു വഹിച്ചു പോന്നു.

അമ്മച്ചി തന്റെ ഫ്ലാഷ് ബാക്ക് കഥകള്‍ അവതരിപ്പിക്കുമ്പോള്‍ കറുത്തിരിണ്ട അമ്മച്ചിയുടെ മുഖത്തും ഏഴു സുന്ദര രാത്രികള്‍ പാടുന്ന ഷീലാമ്മയെ പോലെ ഒരു ചെറിയ തെളിച്ചമൊക്കെ കാണാമായിരുന്നു.അമ്മച്ചി പഴയ ഒരു നാടക നടി ആയിരുന്നു.കൊച്ചേട്ടന്‍ ആ നാട്ടിലെ ഒരു പേരുകേട്ട കുടുംബത്തെ അം‌ഗവും.പോരാത്തതിന്‌ എക്സ്-മിലിട്രിയും.അപ്പൂപ്പെനെന്ത് കണ്ടിട്ട് അമ്മച്ചിയെ പ്രേമിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് എത്ര ആലോജിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.ഏതൊരു പട്ടാളക്കാരെനെയും പോലെ,പഴയ പട്ടാള കത്തി ഇടക്ക് എടുക്കുമെന്നല്ലാതെ അപ്പൂപ്പനെക്കൊണ്ട് വേറെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല.


ഒരു ഇന്ത്യ പാക്കിസ്താന്‍ ക്രിക്കെറ്റുള്ള ദിവസം.ഞങ്ങള്‍ മൂന്നുപേര്‍ക്കും ക്രിക്കെറ്റ് കാണാന്‍ ആണെങ്കില്‍ വേറെ വഴി ഒന്നും കാണുന്നില്ല.പിന്നെ ആകെ ശരണം അമ്മച്ചിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി തന്നെ.ബ്ലാക്ക് ആന്റ് വൈറ്റ് എങ്കില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പക്ഷെ അമ്മച്ചിയെ കൊണ്ട്
തുറപ്പിക്കുന്നതെങ്ങിനെ.അമ്മച്ചി ടിവി വാങ്ങിച്ചതു തന്നെ രാമായണം കാണാനും ജയ് ഹനുമാന്‍ കാണാനും മാത്രമാണ്‌ .പിന്നെ അപ്പുറത്തെ വീട്ടിലെ കൊച്ചുങ്ങള്‍ വരുന്നത് കൊണ്ട് ഞായറാഴ്ചത്തെ സിനിമക്കും ഒന്നു തുറക്കും.


മണി അടിക്കാന്‍ സജു മിടുക്കനായതുകൊണ്ട് അവന്‍ പയ്യെ അമ്മച്ചിയെ പോയി സോപ്പിട്ടു,അന്നത്തെ ക്രിക്കെറ്റിന്റെ പ്രത്യേകതയേയും അതു മിസ്സ്ആയാല്‍ ഞങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന തീരാ നഷ്ടത്തേയും കുറിച്ച്.അങ്ങിനെ മനസ്സില്ലാ മനസ്സോടെ അമ്മച്ചി വന്നു ടിവി
തുറന്നു.എന്നിറ്റ് ഞങ്ങളെ കൂടെ ടിവീടെ മുന്നില്‍ തന്നെ ഇരുന്നു. അമ്മച്ചിക്ക് ഇഷ്ടമാകാത്തതൊന്നും ആ ടിവിയില്‍ ആരും കാണരുതെന്നൊരു നിര്‍ബന്ധം അമ്മച്ചിക്കുണ്ടായിരുന്നു, സജു അത് കണ്ടറിഞ്ഞ് തന്നാല്‍ ആവുന്ന രീതിയില്‍ ക്രിക്കെറ്റ് ആസ്വദിക്കാനുള്ള എളുപ്പ മാര്‍ഗങ്ങല്‍ ഒരു കാപ്സ്യൂള്‍ രൂപത്തിലാക്കി അമ്മച്ചിക്കുപറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.അപ്പൊ അമ്മച്ചിക്കൊരു സംശയം ,ആ മടലും കൊണ്ട് ഓടുന്നത് എന്നാത്തിനാ ,അതമ്മച്ചീ റണ്‍സെടുക്കാനാ..എന്ദ് ഔണ്‍സൊ .അരീന്നു പറഞ്ഞാ തെറീന്നു കേള്‍ക്കുന്ന അമ്മച്ചിയോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ,ഔണ്‍സെങ്കീ ഔണ്‍സ്.ഞങ്ങള്‍ മിണ്ടാതിരിന്ന് കളി കണ്ടു.

പിന്നെ സച്ചിന്‍ ഒരു ഫോര്‍ അടിച്ചപ്പൊ അതാണ്‌ അമ്മച്ചീ ഫോര്‍ എന്നും പറഞ്ഞ്
അമ്മച്ചിയെ ഫോര്‍ പഠിപ്പിക്കലായി അടുത്ത പരിപാടി.

ഏതായാലും അമ്മച്ചി കളി നല്ല രസത്തില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞങ്ങള്‍ക്കും
ആശ്വാസമായി.
സച്ചിന്റെ ബാറ്റിംഗ് കണ്ട് എല്ലാരും ആസ്വദിച്ച് കയ്യടിച്ചു നില്കുന്ന സമയം .ബുള്ളെറ്റ്
കണക്കിന്‌ ഒരു കവര്‍ ഡ്രൈവ് ഫോര്‍ ആയപ്പോള്‍എല്ലാരും കയ്യടിച്ചു.പിന്നെ അതിന്റെ റീപ്ലേ കാണിച്ചപ്പോ അമ്മച്ചി മാത്രമിരിന്നു കയ്യടിച്ചു,എന്നിട്ടു പറഞ്ഞു പിന്നെയും ഒരുഫോറെന്ന്.

ഒരുദിവസം സജൂന്റെ കസിന്‍ ഉല്ലാസ് സജൂനെ കാണാന്‍ വേണ്ടി ഞങ്ങളുടെ വീട്ടില്‍ വന്നു.അവന്റെ കഷ്ടകാലത്തിന്‌ ഞങ്ങള്‍ കോളേജീന്നു വരാന്‍ ഏതാണ്ട് ഒരു മണിക്കൂറു കൂടെയുള്ളപ്പോളാണ്‌ ആശാന്‍ എത്തിയത്,വന്ന ഗസ്റ്റിന്‌ ബോറടിക്കരുതല്ലോന്നോര്‍ത്ത് ഒരു മണിക്കൂര്‍ മുഴുവന്‍ അമ്മച്ചി അമ്മച്ചീന്റെ പയമ്പുരാണം കേള്‍പ്പിച്ചു കൂട്ടിരുന്നു.

അമ്മച്ചിക്ക് ആകെലുള്ള മോനാണ്‌ രാധാകൃഷ്ണന്‍.മക്കള്‍ ആയിട്ട് കെട്ടിച്ചുവിട്ട പെണ്‍പിള്ളേര്‍ രണ്ടെണ്ണം വേറെ ഉണ്ടെങ്കിലും അമ്മച്ചിക്ക് സ്നേഹം രാധാകൃഷ്ണനോടായിരുന്നു.ആ സ്നേഹത്തിന്റെ പുറത്ത് അവനെ രാധാന്നു വിളിച്ചു പോന്നു.രാധ ബോംബേയില്‍ ഏതോ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഉല്ലാസിനോട് പറഞ്ഞ കഥയില്‍ മുഴുവന്‍ രാധേടെ വീര സാഹസിക കഥകള്‍ നിറഞ്ഞു നിന്നു.വന്നു പെട്ടു പോയതു കൊണ്ട് ,ഉല്ലാസിരുന്ന് മനസ്സില്ലാ മനസ്സോടെ രാധായണം മുഴുവനും കേട്ടു.

പക്ഷെ കഥയില്‍ മുഴുവന്‍ രാധ എന്നു മാത്രം പറഞ്ഞത് കൊണ്ട് ഉല്ലാസിന്‌ മനസ്സില്‍ ഒരു സംശയം വന്ന് തിങ്ങി നിന്നു ...ഈ രാധഅമ്മച്ചീന്റെ മോനാണോ അതോ മോളോ.

ഒടുക്കം അമ്മച്ചി രാധ പുരാണമൊക്കെ തീര്‍ത്തപ്പോ ഉല്ലാസ് പതുക്കെ ചോതിച്ചു അല്ല
അമ്മച്ചീ ഈ രാധ അമ്മച്ചീന്റെ മോനാണോഅതോ മോളോ...ഇത് കേട്ടതും അമ്മച്ചീന്റെ മുഖമങ്ങട്ട് ചുവന്നു ,എന്നിറ്റ് ചോദിച്ചു ഇത്രയും നേരം ഈ രാമായണം മുഴുവന്‍ കേട്ടിട്ട് ഇപ്പൊളാണൊടാ ചോദിക്കുന്നെ ആദവും അലാവുധീനും തമ്മിലെന്ത് ബന്ധമെന്ന്...പാവം ഉല്ലാസ് വെറുതേ വഴിയേ പോയ ഒരു കത്തി എടുത്ത് പറയാന്‍ പറ്റാത്തേടത്ത് വെച്ചമാതിരി ആയി.

പഠിക്കുന്ന കാര്യമൊഴിച്ചുള്ള കാര്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ മൂന്നു പേര്‍ക്കും ഭയങ്കര യോജിപ്പായിരുന്നു.ചെങ്ങന്നൂരുള്ള തിയേറ്ററുകളില്‍ ഫസ്റ്റ് റിലീസ് ഇല്ലാത്തതിന്റെ കുറവു തീര്‍ക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ റേഞ്ച് കോട്ടയം മുതല്‍ മാവേലിക്കര വരെയാക്കിനീട്ടി.ക്രിക്കെറ്റിനോടുള്ള അമിതാവേശം മൂലം പഠിപ്പെടുക്കല്‍ പിന്നെയുമാകാം എന്നും പറഞ്ഞ് യൂണിവെസിറ്റി പരീക്ഷന്റെ തലേന്നു വരെ കളിച്ചു നടന്നു.

മൂന്നാം സെമെസ്റ്റെറിന്റെ പരീക്ഷ വന്നപ്പോള്‍ ,ആദ്യത്തെ പരീക്ഷന്റെ അന്ന് തന്നെ അമ്മച്ചി കാലത്തെ എണീറ്റ് എല്ലാവര്‍ക്കും വേണ്ടി സ്പെഷ്യല്‍ പ്രാര്‍ത്ഥന ഒരെണ്ണങ്ങട്ട് നടത്തി എന്നിട്ട് അമ്മച്ചി അമൃദാനന്ദ അമ്മയെപോലെ ഒരോരുത്തരുടെയും തലയില്‍ കൈ വെച്ചു ആശീര്‍വദിച്ചു വിട്ടു, സെമെസ്റ്റെറിന്റെ റിസല്‍ട്ട് വന്നപ്പൊ എല്ലാരും എട്ടു നിലയില്‍ പൊട്ടി,അതിനും അമ്മച്ചിക്കിട്ടു തന്നെ എല്ലാരും പയിചാരി,അമ്മച്ചീന്റെഒടുക്കത്തെ ഒരു പ്രാര്‍ത്ഥനയാണിതിനൊക്കെ കാരണം എന്നും പറഞ്ഞ്.പാവം അമ്മച്ചി...

ഏതായാലും,ഇങ്ങനെ പോയാല്‍ അതികം ദൂരം പോകില്ല എന്ന തിരിച്ചറിവു കൊണ്ട് ,ഒരു കൊല്ലം തികയുന്നതിന്‌ മുന്‍പെ മൂന്നുപേരും മൂന്നു വഴിക്ക് താമസം മാറി.

ചെങ്ങന്നൂരിനോട് വിട പറഞ്ഞിട്ടിപ്പോള്‍ 8 വര്‍ഷം തികയുന്നു.പക്ഷെ,അവിടുത്തെ കുറേ നല്ല ഓര്‍മകളുടെ കൂട്ടത്തില്‍ അപ്പൂപ്പനും അമ്മച്ചിയും മായാത്ത ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു.

December 15, 2007

ഒരു പ്രേമത്തിന്റെ ഓര്‍മക്ക് (ചെറുകഥ)

സാറ മരിചിട്ടിന്നെക്കു മൂന്നു കൊല്ലം തികഞ്ഞു....നീണ്ട മൂന്നു കൊല്ലം.അബൂബക്കറിനു തനിക്കു നഷ്ടപ്പെട്ടത് തന്റെ പ്രാണന്‍ തന്നെ യാണെന്ന് തിരിച്ചറിഞ്ഞ മൂന്നുകൊല്ലം.

കാലമേല്പിച്ച തീരാത്ത മുറിവില്‍ അബൂബക്കര്‍ ഒരുപാടു മാറിയിരുന്നു.തന്റെ ജീവിതം ഒരു ചില്ലു ഗ്ലാസ്സ് എറിഞ്ഞുടക്കുന്ന ലാഘവത്തോടെ എറിഞ്ഞുടച്ച ദൈവത്തിന്റെ മുന്നില്‍ കരഞ്ഞും പ്രാര്‍ത്ഥിച്ചും കയിച്ചു കൂട്ടി.

രണ്ടു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓര്‍മക്കായി സാറ സമ്മാനിച്ചിട്ടു പോയ ഏക മകളുടെ ,തന്റെ എല്ലാമായ മകള്‍ ഫര്‍സാന,അവളിലൂടെ അവന്‍ തന്റെ സാറയെ അന്യേഷിക്കുന്നുണ്ടായിരുന്നു,തന്റെ തന്നെ പ്രാണനെ.

ബീരാന്‍ മുതലാളീടെ മരമില്ലിലെ തന്റെ ഉദ്യോഗം ശരിക്കും ഒരു റിലീഫ് ആയിട്ടാണു തോന്നിയത്.

അബൂബക്കറില്ലാത്ത സമയത്ത് മകളുടെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ തന്റെ ഉമ്മ ഉണ്ടായിരുന്നു,ഉമ്മക്കു വയസ്സായിവരികയാണ് .എന്നാലും ഇനി വീണ്ടും ഒരു വിവാഹം അതെന്റെ ജന്മത്തില്‍ ഉണ്ടാകില്ല എന്ന കടുത്ത തീരുമാനത്തില്‍ ഉറച്ചുതന്നെ നിന്നു.മറ്റൊന്നും കൊണ്ടല്ല,തന്റെ സാറയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല.

അഞ്ചു കൊല്ലം മുമ്പ് നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കല്യാണമായിരുന്നു അവരുടേത്,ഒരു പ്രണയ വിവാഹം.അബൂബക്കര്‍ കൃസ്തിയന്‍ കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ‍അവിടെ തന്നെ ഫസ്റ്റ് ഇയര്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന ഒരു നാണം കുണുങ്ങി പെണ്ണ് ,അതായിരുന്നു സാറ.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'' അതായിരുന്നു അബൂബക്കറിനെ സമ്പന്ധിച്ചേടത്തോളം.ഒരു ദിവസം ഓള്‍ഡ് ബ്ലോക്കിലേക്കു നടന്നു പോകുമ്പോള്‍ കെമിസ്ട്രി ലാബിന്റെ അടുത്തെത്തിയപ്പോള്‍ എതിരെ കൂട്ടുകാരികളോടൊപ്പം വരികയായിരുന്നു സാറ.ഇളം നീല ചുരിദാറില്,വെളുത്ത ഷാള്‍ തലയിലൂടെ ഇട്ട ഒരു മാലാഖ.കാറ്റത്ത് പാറി ചുമലിലേക്കു വീണ ഷാളു പിടിച്ചു തലയിലേക്കു ഇടുമ്പോളാണ് യാദൃഷ്ചികമായ ആ കാഴ്ച കണ്ടത്.നല്ല പാലപ്പത്തിന്റെ നിറവും മൃദുലതയുമുള്ള മുഖം,വശ്യതയാര്‍ന്ന കണ്ണുകള്‍,അവളുടെ പുഞ്ചിരി കാണുമ്പോള്‍ ഒരു വെളുത്ത റൊസാപ്പൂ മൊട്ട് വിരിഞ്ഞു വരുന്ന പോലെ
തോന്നി. ചിരിക്കുമ്പോള്‍ തെളിഞ്ഞു കാണുന്ന എടത്തെ കവിളിലെ നുണക്കുഴി ,അതിന്റെ താഴെ കാണുന്ന കറുത്ത മറുക്, ദൈവം തനിക്കു വേണ്ടി പ്രത്യേകം രൂപ കല്പന ചെയ്തതാണെന്നവനു തോന്നി.

അബൂബക്കറിനു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അത്രയ്ക്ക് സുന്ദരിയായിരുന്നു സാറ.താന്‍ കണ്ട കാഴ്ച മനസ്സില്‍ തന്നെ റിവയിന്റ് അടിച്ചു കണ്ടുകൊണ്ട് അന്നുരാത്രി മുഴുവന്‍ കഴിച്ചു കൂട്ടി.കൂട്ടുകാരുടെ ഇടയില്‍ നിന്നാണ് അവളുടെ പേര് സാറ എന്നാണെന്നും അവളുടെ വാപ്പ കോഴിക്കൊട്ടെ പേരെടുത്ത ഒരു ഹോട്ടലിന്റെ ഉടമയാണെന്നും അറിയുന്നത്.താന്‍ നാട്ടിന്‍പുറത്തെ ഒരു സാദാ ചായക്കടക്കാരന്റെ മകനാണെല്ലൊ എന്നത് ഒരു നെടുവീര്‍പ്പോടെയാണ് അബൂബക്കര്‍ ഓര്‍ത്തത് . മനസ്സില്‍ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടിയോടിത്രക്കും ഇഷ്ടം തോന്നുന്നത്.അതുകൊണ്ടു തന്നെ എന്തു തന്നെ വന്നാലും ഇവള്‍ തന്നെ എന്റെ മണവാട്ടി എന്ന് അബൂബക്കര്‍ തീരുമാനിച്ചു കഴിഞ്ഞു.

തന്റെ തീരുമാനത്തെ കുറിച്ചു തന്റെ ആത്മാര്‍ത്ത സുഹൃത്തായ ഗഫൂറിനോട് പറഞ്ഞപ്പോള്‍ അവനും
പെരുത്തിഷ്ടപെട്ടു.കോളേജിന്റെ ഐശ്വര്യ റായില്‍ തന്നെ കണ്ണു വെച്ചതില്‍ ഗഫൂറിന്ന് ഒരു ചെറിയ അസൂയ്യ തോന്നാതിരുന്നില്ല.

എന്തായാലും തന്റെ പ്രണയം എങ്ങിനെ അവളുടെ അടുത്തെത്തിക്കും അതായി പിന്നെ അടുത്ത പ്രശ്നം.രണ്ടു മൂന്നു ദിവസം കഴിഞ്ഞു പോയി.എപ്പൊ നോക്കിയാലും കൂടെ ഒന്നു രണ്ടു കൂട്ടുകാരികള്‍ കാണും.പിന്നെ ,പ്രൊപ്പോസ് ചെയ്യ എന്നൊക്കെ പറയുമ്പോള്‍ ഒരു ചെറിയ ജാള്യത തോന്നാതെയും ഇരുന്നില്ല .വലിയ ഹോട്ടല്‍ മുതലാളിന്റെ ഏക മോളല്ലെ ,എങ്ങാനും മുഖത്തടിച്ച പോലെ 'നൊ' പറഞ്ഞാല്‍.പിന്നെ അതു കോളേജില്‍ മൊത്തം പാട്ടാകും ,അങ്ങിനെ ഒരു സീന്‍ ആലോജിച്ചപ്പൊ തന്റെ തൊലി ഉരിഞ്ഞ് പോരുന്നതായിട്ടു തോന്നി.

സംഭവം കാണാന്‍ അബൂബക്കര്‍ കുറച്ചു ഇരി നിറമൊക്കെ ആണെങ്കിലും ,കാഴ്ചയില്‍ ഒരു എബൊവ് ആവെറേജ് ആയിരുന്നു.നല്ല ഒത്ത നീളവും ,അതിനൊത്ത തടിയുമുള്ള ഒരു നല്ല ചെറുപ്പക്കാരന്‍.പിന്നെ ഇപ്പൊളത്തെ കൊളേജ് പിള്ളേര്‍ക്കുള്ളപോലത്തെ പ്രത്യേകിച്ചു ദുശ്ശീലങ്ങളൊന്നും ഇല്ല.നല്ല അഞ്ചൊകത്തു നിസ്കരിക്കുന്ന ഒരു ശുദ്ധനായ മനുഷ്യന്‍.

അങ്ങിനെ തന്റെ പ്രേമം അറിയിക്കാതെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയി.അങ്ങിനെയാണ് ഒരു വാലെന്റൈന്സ് ഡേ വന്നെത്തിയത്.ഗഫൂര്‍ ആണ് ആ അയ്ഡിയാ പറഞ്ഞത്.ഏതായാലും നീ പ്രൊപ്പോസ് ചെയ്യാന്‍ തന്നെ തീരുമാനിച്ച സ്ഥിതിക്ക് അതിനു പറ്റിയ ഇതിലും നല്ല ഒരു സമയം വെറെ ഏതാണെന്ന്.

വാലെന്റൈന്സ് ഡേ ആയതു കൊണ്ട് അന്ന് ആര്‍ചീസില്‍ ബിസിനെസ്സ് പൊടിപൊടിക്കുകയായിരുന്നു. നല്ല വെറയിറ്റി ഉള്ള കാര്‍ഡുകളും,റെഡ് റോസും,ടെഡി ബെയറും അങ്ങിനെ വേണ്ടതെല്ലാം ഉണ്ടായിരുന്നു.ഏതായാലും പൂവു കൊടുത്തു നാണം ​കെടെണ്ട എന്നു
കരുതിയിട്ടാണോ എന്തോ,തന്റെ പ്രണയം ഒരു കാര്‍ഡിലൂടെ അറിയിക്കാമെന്നു തീരുമാനിച്ചത്.എന്നിട്ട് നല്ല പ്രൊപ്പോസ് ചെയ്യാന്‍ പറ്റിയ 'ഐ ലവ് യു'എന്നു ചുവന്ന കട്ടിയില്‍ എഴുതിയ ഒരു കാര്‍ഡ് തന്നെ സെലെക്റ്റ് ചെയ്തു. അതൊരു കവറിലിട്ടിട്ട്,എന്നും 10 മണി ആയാലും
കോളേജിലെത്താത്ത അബൂബക്കര്‍ അന്ന് 9 മണിക്കു തന്നെ എത്തി ,ഒരു ധൈര്യത്തിന് ഗഫൂറിനെയും കൂട്ടിയിരുന്നു,എന്നിട്ട് ന്യൂ ബ്ലോക്കിലെ സാറയുടെ ക്ലാസിന്റെ അടുത്തായി ചുറ്റിപറ്റി നിന്നു.സാറയും കൂട്ടുകാരികളും വരുന്നത് ദൂരെനിന്നേ കണ്ട അബൂബക്കര്‍ ഒരു ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ട്രാക്കില്‍ ഓടാന്‍ റെഡി ആവുന്ന പോലെ മെന്റലി പ്രിപ്പെയര്‍ ചെയ്തു നിന്നു.എന്നിട്ടു സാറ അടുത്തെത്തിയപ്പോള്‍ കൂടെയുള്ള മറ്റു കട്ടുറുമ്പുകളെ മൈന്റ് ചെയ്യാതെ അടുത്തു ചെന്ന് കാര്‍ഡ് കയ്യില്‍ കൊടുത്തു.കാര്യം ആദ്യം അവളൊന്നു പരുങ്ങി എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അതു വാങ്ങി മുന്നിലൂടെ നടന്നങ്ങു പോവുകയും ചെയ്തു.

ഈ ഒന്നും മിണ്ടാതെ ഉള്ള പോക്കാണിപ്പൊള്‍ അബൂബക്കറിനെ ആകെ കണ്‍ഫ്യൂഷനാക്കിയത്. അബൂബക്കര്‍ തന്റെ നഖവും കടിച്ചു വരാന്തയില്‍ തന്നെ പോലെ പ്രൊപ്പോസ് ചെയ്യാന്‍ വേണ്ടിയും ചെയിതിറ്റ് ചീറ്റിപോയവരുടേയും ഇടയില്‍ അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഇരുന്നു.ഫസ്റ്റ് ഹവ്വര്‍ ക്ലാസ് ഏതായാലും പോയി,ഇനി അടുത്ത ഹവ്വറിലെങ്കിലും കയറണമെന്നോര്‍ത്ത് പതുക്കെ ക്ലാസ്സിലേക്കു നടന്നു പോയി.ഈ പ്രൊപ്പോസ് ചെയ്ദത് ഒരബദ്ധമായോ എന്നൊരു തോന്നല്‍ ഉള്ളില്‍രൂപപ്പെടാതിരുന്നില്ല.അങ്ങിനെ അന്നത്തെ ദിവസം മുഴുവന്‍ അതുമിതുമാലോജിച്ച് കടന്നുപോയി.പക്ഷെ ,സാറയെ കാണാനൊ,കൊടുത്ത പ്രൊപൊസലിന്നു മറുപടി തേടാനൊ പറ്റിയിരുന്നില്ല.

അടുത്ത ദിവസവും അബൂബക്കര്‍ കോളേജില്‍ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു.ഇനി രണ്ടാലൊന്നറഞ്ഞിട്ടു തന്നെ കാര്യം എന്ന തീരുമാനത്തോടെ സാറയെ സമീപിച്ചു,പക്ഷെ സാറ ഒന്നും തന്നെ പറയാതെ ഒഴിഞ്ഞു മാറി ഓടിയകലുകയാണു ചെയ്തത്.

സാറയുടെ ഉള്ളിലും ഒരുപാടു ചിന്തകളുടെ വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു.ജീവിതത്തില്‍ ആദ്യമായി ഒരാള്‍ വന്നു തന്നെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു.സാറക് അയാളോടു ഒരു ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങിയിരുന്നു ,പക്ഷെ വീട്ടില്‍ വാപ്പ അറഞ്ഞാലുണ്ടാകാന്‍ പോകുന്ന ഭൂമികുലുക്കവും അഗ്നിപര്‍വതവും ആലോജിച്ചപ്പോള്‍ ഇതൊന്നും നമുക്കു ശരിയാവില്ല എന്നു
തോന്നുകയും ചെയ്തു.തന്റെ സുഹൃത്തുക്കളാണെങ്കില്‍ വളരെ ആകാംക്ഷയൊടെ കാത്തിരിക്കുകയാണ് തന്റെ തീരുമാനമെന്തെന്നറിയാന്‍.അവര്‍ക്കൊന്നും വലിയ എതിര്‍പൊന്നും ഉണ്ടായിരുന്നില്ല,മാത്രമല്ല അബൂബക്കറിന് എന്താ ഒരുകുഴപ്പം ,കാണാന്‍ ഗ്ലാമറില്ലെ,നീളമില്ലെ,തടിയില്ലെ,പിന്നെ തറവാടിത്തം അതു കുറച്ച് കുറഞ്ഞെന്നും വെച്ച് ഇപ്പോള്‍ എന്താ എന്നുള്ള ഷറീനയുടെ ഒരു ആക്കിയമാതിരി ഉള്ള ചോദ്യവും,എല്ലാം കൂടി ഇപ്പൊ ആകപ്പാടെ പുകിലായി.

ഇപ്പൊളത്തെ പെണ്‍പിള്ളേര്‌ വളരെ പ്രാക്ടിക്കല്‍ ആണെന്നു പറയുന്നതു ശരിയാണ്,സാറ തന്റെ തീരുമാനം അബൂബക്കറിനെ അറിയിക്കുന്നതിനു മുമ്പെ തന്നെ അബൂബക്കറിന്റെ കുടുംബത്തെ കുറിച്ചും ആളുടെ സ്വഭാവത്തെ കുറിച്ചും എല്ലാം വിശതമായൊരു റിസേര്‍ച്ച് തന്നെ നടത്തിയിരുന്നു.എന്നിട്ടു ,ഒരു ദിവസം കോളേജില്‍ വെച്ച് അബൂബക്കറിനെ കണ്ടപ്പോള്‍‍ ഒന്നു ചെറുതായിപുഞ്ചിരിക്കുക മാത്രം ചെയ്തിട്ടങ്ങ് നടന്നു പോയി.മഴ കാത്തുനില്‍കുന്ന വേയാമ്പലിനെ പ്പോലെ ദിവസങ്ങളായിട്ടുള്ള തന്റെ കാത്തിരിപ്പിന് ആ ചിരി ഒരു സാന്ത്വനമായി.

പിറ്റേന്നു,കാന്റീനില്‍ തനിച്ചു ചായകുടിച്ചുകൊണ്ടിരുന്ന അബൂബക്കറിന്റെ നേരെ മുന്‍പിലത്തെ കസേരയില്‍ സാറ ഒന്നും കൂസാതെ വന്നിരുന്നു.എന്നിട്ടു ഒരു കള്ള ചിരിയുമായി അബൂബക്കറിന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു.അബൂബക്കറിനാകെ അതൊരു ഷോക്കായിരുന്നു.

പിന്നെ ഇവരെ ഒരുമിച്ചല്ലാതെ ആരും കണ്ടിട്ടില്ല,കാന്റീനിലും,വരാന്തയിലും,എന്നു വേണ്ട വരുന്നതും പോകുന്നതും എല്ലാം ഒരുമിച്ചായി,മേയ്ഡ് ഫോര്‍ ഈച് അതെര്‍.

അബൂബക്കര്‍ ഡ്രെസ്സിങ്ങിന്റെ കാര്യത്തിലൊക്കെ വളരെ ശ്രദ്ധിച്ചു തുടങ്ങി,നാളിതുവരെ ഇന്‍സേര്‍ട്ട് ചെയ്തു കണ്ടിട്ടില്ലാത്തആളിപ്പോള്‍ ഷേര്‍ട് ഇന്‍ ചെയ്യുന്ന പോലുള്ള കര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ കൊടുത്തു.

ഹോട്ടലില്‍ ചായ അടിക്കുന്ന അദ്രുമാനാണു ഈ കാര്യം ആദ്യം അറിയുന്നത്.സാറയെ ആരെങ്കിലും ഒന്നു നോക്കീന്നറഞ്ഞാല്‍,തനിക്കു മാത്രമല്ല ,ഹോട്ടലിലെ മേശ തുടക്കാന്‍ നിക്കുന്ന കിളവന്‍ കുഞ്ഞാലിക്കു വരെ ചോര തിളക്കും.എന്നിട്ട് അവളെ ഏതോരു ലോക്കല്‍ ചായക്കടക്കാരന്റെ മോന്‍ പ്രേമിക്കാന്നു പറഞ്ഞാല്‍.ഏതായാലും വൈകീച്ചില്ല ഉണ്ണുന്ന ചോറിനു കൂറുള്ള അദ്രുമാന്‍ ബഷീര്‍ മൊതലാളീന കണ്ട ഉടനേ തന്നെ കാര്യം പറഞ്ഞു.ഇതു കേള്‍ക്കേണ്ട താമസം ,മുതലാളി മുകളിലേക്കു പിരിച്ചു വെച്ച മീശ ഒന്നമര്‍ത്തി തിരുമ്മി,എന്നിട്ടു ഒരു ഡയലോഗും ഒന്നേ ഉള്ളൂ എന്നെന്നും ഞാന്‍ നോക്കില്ല പൊലയാടിമോളെ ഇന്നു ഞാന്‍ കൊല്ലും.ഏതായാലും സാറന്റെ ഉമ്മ സൈനവതാത്തയാണ് ബഷീര്‍ മൊതലാളീന്റെ തെറി മുഴുവനും കേട്ടത്.പണ്ടേതോരു മീങ്കാരന്റെ കൂടെ ഒളിച്ചോടി പോയ തന്റെ അനിയത്തിയുടെ കാര്യമെടുത്തിട്ടായിരുന്നു തെറി മുഴുവനും.ഈ പ്രേമിക്കലും ഒളിച്ചോടലും നിന്റെ കുടുംബത്തുള്ള പെണ്ണുങ്ങള്‍ക്കൊരു ഹരമാണെന്നും പറഞ്ഞ്.

ഏതായാലും മോളുടെ കോളേജി പോക്കൊക്കെ അതോടെ നിര്‍ത്തിച്ചു.മോളുണ്ടാക്കി തന്ന സല്പേരൊക്കെ മതി എന്നൊരു ഡയലോഗും കാച്ചി.

ബഷീര്‍ മുതലാളിക്കു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശകളില്‍ ഒന്നാണ് തന്റെ മോളെ ,ബേപ്പൂരിലെ ബോട്ടു മുതലാളി സ്രാങ്ക് അബ്ദുറഹിമാന്റെ മോനെക്കൊണ്ടു കെട്ടിക്കണമെന്നുള്ളത്.അതു മുമ്പൊരിക്കല്‍ കണ്ടപ്പോള്‍ സ്രാങ്കിനോട് സൂചിപ്പിച്ചതുമാണ്.എന്നിട്ടാണീ അസത്ത് ഏതോരു കോന്തനേയും പ്രേമിച്ചു നടക്കുന്നത്.

സാറ വീട്ടു തടങ്കലിലായെങ്കിലും നല്ലവരായകൂട്ടുക്കാരികളിലൂടെ കോളേജിലെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു.ഒടുക്കം,ബഷീര്‍ മൊതലാളി തന്റെ മോളുടെ കല്യാണ നിശ്ചയം സ്രാങ്കിന്റെ മോനുമായി നടത്താന്‍ നിശ്ചയിച്ചതിന്റെ തലെ ദിവസം, സാറ അബൂബക്കറിന്റെ കൂടെ ഓടി പോയി.

റൂം അടിച്ചുവാരാന്‍ പോയ ജാനു ആണ് സങ്ങതി മകള്‍ മിസ്സിങ്ങ് ആണെന്നു വന്നു പറയുന്നത്.ഇതു കേള്‍ക്കേണ്ട താമസം സൈനവത്താത ഡിം ,ബോധം കെട്ടു വാഴ വെട്ടിയിട്ട പോലെ കിടക്കുന്നു.

ഏക മകള്‍ ഒളിച്ചോടിയതോര്‍ത്തു കരയാനൊന്നും ബഷീര്‍ മൊതലാളി ഒരുക്കമായിരുന്നില്ല.എനിക്കിനി അങ്ങനെ ഒരു മകളില്ല,തീര്‍ത്തു പറഞ്ഞു.

പക്ഷെ ,സാറക്കു അബൂബക്കറിന്റെ വീട്ടില്‍ നല്ല സ്വീകരണമാണു കിട്ടിയത്.എനിക്കു നീയും എന്റെ മോള്‍ ലൈലയും ഒരുപോലെയാ ,നെറുകീയില്‍ കൈവെച്ചു അബൂബക്കറിന്റെ ഉമ്മ ജമീലത്താത്ത പറയുമ്പോള്‍ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണീര്‍ അറിയാതെ സാറയുടെ ദേഹത്ത് ഉറ്റി വീണു.

കുടുംബത്തിന്റെ ഉത്തരവാദിത്തം തലയില്‍ വന്നതു കൊണ്ടും വാപ്പാന്റെ ചായ കച്ചോടം മോശമായതുകൊണ്ടും അബൂബക്കറിന്റെ പഠിത്തം ഡിഗ്രിയില്‍ നിര്‍ത്തേണ്ടി വന്നു.എന്നിട്ട് കല്ലായ്കല്‍ മര മില്‍ നടത്തുന്ന ബീരാന്‍ മൊതലാളീടെ കൂടെ അയാളുടെ മാനേജരായി ചേര്‍ന്നു.ശമ്പളം തുഛമായിരുന്നെങ്കിലും അത്യാവശ്യം കുടുംബത്തെ ചെലവൊക്കെ അങ്ങ് നടന്നു പോയി.

പുതിയ സാഹചര്യങ്ങളോട് സാറ പെട്ടെന്ന് പൊരുത്തപെട്ടിരുന്നു.ചെറിയ ചുറ്റുപാടാണെങ്കിലും സാറ
സന്തുഷ്ടയായിരുന്നു.

ഒരിക്കല്‍ ഉറങ്ങാന്‍ കിടന്നപ്പോളാണ് സാറ ആ കാര്യം പറഞത്.ആബൂബക്കറിന്റെ കയ്യെടുത്തു തന്റെ വയറ്റത്ത് വെച്ചിട്ടു പറഞ്ഞു ഇനി പഴയതു പോലെ കിട്ടുന്ന കാശ് ദൂര്‍ത്തടിക്കാനൊന്നും പറ്റില്ല കാരണം പുതിയൊരാളു കൂടെവരുന്നുണ്ടെന്ന്,അബൂബക്കര്‍ സ്വയം മറന്ന നിമിഷങ്ങള്‍ ആയിരുന്നു അത്.സാറയെ തന്റെ രണ്ടു കൈ കൊണ്ടു പൊക്കിയെടുത്തു എന്നിട്ടു തനിക്കുയര്‍ത്താന്‍ പറ്റുന്നത്രയും ഉയരത്തില്‍ ഉയര്‍ത്തി പിടിചു ,അങ്ങനെ ആ സന്തോഷത്തില്‍ അവര്‍ ലയിച്ച് ഒന്നായി മാറി.

പക്ഷെ പടച്ചോന്‍ അബൂബക്കറിന്നോടും സാറയോടും കടുത്ത അനീതി തന്നെ കാണിച്ചു,ഫര്‍സാനയെ പ്രസവിച്ച് അവള്‍ക്ക് ആറുമാസം പ്രായമുള്ളപ്പോളാണ് ഒരു ചെറിയ തല കറക്കം വന്നിട്ട് അടുത്തുള്ള ഒരു ഡോക്ടറുടെ അടുത്തു പോകുന്നത്.ഡോക്ടര്‍ ചെക്ക് ചെയ്തിട്ടു പറഞ്ഞു പേടിക്കാനൊന്നും ഇല്ല ,എന്നാലും മെഡിക്കല്‍ കോളേജിലൊന്നു കാണിക്കുനതു നല്ലതായിരിക്കും എന്ന്.താമസിച്ചില്ല,പിറ്റേന്നു തന്നെ അബൂബക്കര്‍ സാറയെ കൂട്ടി മെഡിക്കല്‍ കോളേജിലെ ഷീട്ടില്‍ കുറിച്ചു തന്ന ഡൊക്ടറുടെ അടുത്തു തന്നെ പോയി.

ഡോക്ടര്‍ പരിശോതിച്ചിട്ട് പേടിക്കാനൊന്നുമില്ല കുറച്ചു മരുന്നു കഴിച്ചാല്‍ മതി എന്നു പറഞ്ഞു സാറയെ സമാധാനിപ്പിച്ചിട്ട്,അബൂബക്കറിനെ തഞ്ചത്തില്‍ പുറത്തേക്കു വിളിച്ചു,എന്നിട്ടു പറഞ്ഞു സങ്ങതി സീരിയസ് ആണെന്നും ,തലയ്ക്കകത്ത് കാന്‍സെര്‍ ആണെന്നും ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ലിമിറ്റ് ഒക്കെ കയിഞ്ഞിട്ടുണ്ടെന്നും.അബൂബക്കറിന്നാകെ ഷോക്കടിച്ച പൊലെ
ആയി.ആകെ എന്തു ചെയ്യണം എന്തു പറയണം എന്നറിയാതെ ഞെരുപിരി കൊണ്ടു.സാറയോട് ഇതൊന്നും പറയെരുതെന്ന് ഡോക്ടര്‍ പറഞ്ഞത് പ്രത്യേകം ഓര്‍ത്തു.എന്നിട്ട് പതുക്കെ സാറയെയും കൂട്ടി വീട്ടിലേക്കു പോയി.വേദനകളുടെ മാത്രം ലോകത്ത് സാറ ആറുമാസം കൂടി ജീവിച്ചു.എന്നിട്ട് ഒരു സുപ്രഭാദത്തില്‍ ആരോടും യാത്രചോദിക്കാന്‍ നില്‍ക്കാതെ അവള്‍ യാത്രയായി.

December 8, 2007

യമനിലൂടെ ഒരു യാത്ര

വെത്യസ്തത കൊണ്ട് സംബൂര്‍ണമായ ഒരു നാടാണ് യെമെന്,അവരുടെ വേഷത്തിലും നടപ്പിലും,എല്ലാം തന്നെ ആ വെത്യസ്തത നിയലിക്കുന്നുണ്ട്.

2003 ലാണു ഞാന്‍ ആദ്യമയി എന്റെ എണ്ണ പാടത്തെ ജോലിയുടെ ബാഗമായി അബുദാബിയില്‍ നിന്നും യെമെനിന്റെ തലസ്ഥാന നഗരമായ സനായില്‍ ചെന്നിറങ്ങുന്നത്.അവിടെ ചെന്നിറങ്ങിയപ്പോള്‍ തന്നെ എനിക്കു തോന്നിയത് ഞാനൊരു 100 കൊല്ലം പുറകോട്ടു പോയതായിട്ടാണ് .ഇടിഞ്ഞു പൊളിഞ്ഞതും പഴയതുമായ കെട്ടിടങ്ങള്‍,പഴയ ഉമ്മറിന്റെയും നസീറിന്റെയും സിനിമയിലെ മുല്ലാക്കാ വേശം പൊലെ മുക്കാല്കെത്തുന്ന ലുങ്കിയും,അരയില്‍ ഒരു രണ്ടിഞ്ചു വീദിയിലുള്ള ഒരു ബെല്‍റ്റും ,പക്ഷെ ചെറിയ കാര്യത്തില്‍ മാത്രമാണ് വെത്യാസം -അരയിലെ അറ്റം വളഞ്ഞ ഒരു നീണ്ട കത്തിയും, തോളില്‍ തൂക്കിയിട്ട AK -47 തോക്കും,പിന്നെ മുഖത്തിന്റെ ഒരു ബാഗത്തെ മുണ്ടിനീരു വന്നപോലെയുള്ള തടിപ്പും വെച്ചു നടക്കുന്ന ആള്‍ക്കാര്‍. പിന്നീടുള്ള അന്യേഷണത്തിലാണു മനസ്സിലാകുന്നത് അത് മുണ്ടിനീരൊന്നുമല്ല ഇവരുപയോഗിക്കുന്ന 'ഗാത്' എന്നു പേരുള്ള ഒരുതരം ഇല ചവചിട്ട് ചണ്ടി തുപ്പാതെ അങ്ങനെ ഹരം കൊണ്ടു നടക്കുന്നതാണെന്ന്.


എയര്‍ പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ മുഹമ്മെദ് സാലാ എന്നൊരു യെമെനി വന്നിട്ടുണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ കൂടെ കാറില്‍ കയറി ഹൊട്ടലിലേക്കു പോകുന്ന വഴിയില്‍ ഒന്നു രണ്ടു മിലിട്ടറി ചെക്കിങ്ങ് ഉണ്ടായിരുന്നു,പട്ടാളക്കാരുടെ ലഗേജിന്റെ നേരെ തോക്കു ചൂണ്ടിയുള്ള ആരാ ഇതില്‍ എന്താ എവിടുന്നാ വരുന്നെ എന്നുള്ള ചോദ്യം ചെയ്യല്‍ ഒരു തരം പേടി ഉളവാക്കുന്നതാതയിരുന്നു.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഇതൊന്നും പതിവില്ലാത്തത് കൊണ്ടാകാം.എന്റെ ഉള്ളിലെ പേടിയെ ഒന്നരക്കിട്ടു ഉറപ്പിക്കാനെന്നോണം മുഹമ്മെദ് സാലാ ഇടക്കിടക്ക് ഒറ്റക്ക് പുറത്തിറങ്ങിയാലുള്ള ബവിശ്യത്തിനെ കുറിച്ചും സൊന്തം നാട്ടുകാരുടെ വെടിവെപ്പിലുള്ള താല്പര്യത്തെ കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.

ഈ തോക്കിന്റെയും ഗാട്ടിന്റെയും ഇടയില്‍ ചെന്നു പെട്ട എന്റെ ദുര്‍വിധിയെ പയിച്ചുകൊണ്ടും ഇനി ഇവിടുന്നെങ്ങിനെ ഊരിപൊകുമെന്നുള്ള ചിന്തകൊണ്ടും അന്നുരാത്രി കുറെസമയം ഞാന്‍ ഉറങ്ങാതെ കയിച്ചു കൂട്ടി.അന്നൊരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു ,നമുക്കു പണമല്ല മനസ്സമാധാനം ആണു വലുത് .

അദ്നാന്‍ എന്നു പേരുള്ള ഒരു യെമെനി ഡ്രൈവറിന്റെ കൂടെയാണു പിറ്റേന്നു കാലത്ത് 300 കി.മി ദൂരെയുള്ള സാഫെര്‍ എന്ന ഫീല്‍ഡിലേക്കു പോയത്, എന്റെ കമ്പനി അവനെ തന്നെ ഡ്രൈവറാക്കി വെച്ചതിന്റെ പിന്നിലും ഒരു ഗുട്ടന്‍സ് ഉണ്ട് , ലെവന്‍ ആളു കണ്ടാല്‍ ഒരു പയ്യനാണെങ്കിലും അവിടുത്തെ മിലിട്ടറിയില്‍ നിന്നും സാമാന്യം തെറ്റില്ലാത്ത ഒരു പോസ്റ്റില്‍ നിന്നും റിട്ടയര്‍ ചെയ്ത ആളാണ്. ഇത് ഞാന്‍ മനസ്സിലാക്കുന്നത് പുള്ളിക്കാരന്‍ ഡ്രൈവ് ചെയ്യുമ്പോള്‍‍ ഒരു മിലിട്ടറി തൊപ്പി മുന്നില്‍ ഡാഷ് ബോര്‍ഡിന്റെ മുകളില്‍ കണ്ടതിലൂടെയാണ് .

ഇവരുടെ നാട്ടിലെ ആളെ തട്ടികൊണ്ടു പോകുന്ന പോലത്തെ കലാപരിപാടികള്‍ കാരണം ആണെന്നു തൊന്നുന്നു ,യാത്രാമധ്യെ ഒരു പാടു മിലിട്ടറി ചെക്ക് പൊസ്റ്റുകള്‍ ഉണ്ടായിരുന്നു.
അന്യ രാജ്യക്കാരെയും കൊണ്ട് ഈ ചെക്ക് പൊസ്റ്റു കടക്കല്‍ കുറച്ചു പാടുള്ള സങ്ങതിയാണ് .നമ്മുടെ ഡ്രൈവെര്‍ മിലിട്ടറി ചെക്ക് പോസ്റ്റ് എത്തുമ്പോള്‍ ഡാഷ് ബോര്‍ഡിന്റെ മുകളില്‍ പുറത്തുനിന്നും കാണത്തക്കവണ്ണം വെച്ച പുള്ളിയുടെ പഴയ മിലിട്ടറി തൊപ്പിമ്മല്‍ ഏന്ദി ഒന്നു തൊടും മിലിട്ടറികാരന്‍ വളരെ ബഹുമാനത്തോടെ സലാം വെച്ചു പറഞ്ഞു വിടുകയും ചെയ്യും.ഏതായാലും ഈ തൊപ്പി കാരണം എല്ലാ ചെക്ക്പൊസ്റ്റുകളില്‍ നിന്നും വലിയ ചെക്കിങ്ങ് ഒന്നും ഇല്ലാതെ കയിച്ചിലായി.പിന്നെ ഒരു നാടന്‍ ടച്ച് വരുത്താന്‍ ഞാന്‍ ഒരു ബബിള്‍ഗം എടുത്തു ചവക്കുന്നുണ്ടായിരുന്നു ,പട്ടാളക്കരന്‍ കാണുമ്പോള്‍ ഒരു യെമെനിയിരിന്ന് ഗാട്ടു ചവച്ചുകൊണ്ടു പോകുന്നെന്നേ തൊന്നൂ!!!


അങ്ങിനെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അദ്നാന്‍ വണ്ടി പതുക്കെ അടുത്തൊരു ചെറിയ ടൌണില്‍ പുള്ളിക്കാരനു ഗാട്ടുവാങ്ങാന്‍ വേണ്ടി നിറുത്തി,എന്നിട്ടൊരു കമെന്റും പാസ്സാക്കി ' ഡ്രൈവര്‍ക്കുള്ള പെട്രോള്‍ വാങ്ങാന്‍ പൊകുന്നെന്നു'.പുള്ളി വണ്ടി നിറുത്തിയതിന്റെ തൊട്ടടുത്തായി വശപെഷകായി 2 ചേട്ടന്മാര് നിന്നു കയര്‍ത്തു സംസരിക്കുന്നുണ്ടായിരുന്നു,കുറച്ചു കഴിഞ്ഞപ്പോള്‍‍ അതിലൊരു ചേട്ടന്‍ എന്തിന് വെറുതെ സംസാരിച്ചു സമയം കളയുന്നെന്ന മട്ടില്‍ അവന്റെ തോളിലിരുന്ന AK 47 എടുത്തു മറ്റവന്റെ കഴുത്തിനു നെരെ പിടിചു.എന്റമ്മേ ,
അറിയാതെ എന്റെ ഉള്ളൊന്നു കത്തി.ഗാട്ടിന്റെ പിരിപ്പിലാണീ തോക്കു ചൂണ്ടല്‍ എന്നു കൂടെ മനസ്സിലായപ്പോള്‍ എനിക്കു പിന്നെ വണ്ടിയില്‍ ഇരുന്നിട്ടു ഇരിപ്പു കൊള്ളുന്നില്ല.യെമെനികളുടെ കൈ കൊണ്ടു മരണപ്പെട്ട വിദേശികളായ ആള്‍ക്കാരുടെ നീണ്ട ലിസ്റ്റാണ് പിന്നെ എന്റെ മനസ്സിലേക്ക് ഓടി എത്തിയത്.പടച്ചോന്‍ കാത്തൂന്ന് പറഞ്ഞാല്‍ മതി ,സംഭവത്തിന്റെ ഗുരുതരാവസ്ത മണത്തറഞ്ഞ അദ്നാന്‍ തന്റെ പെട്രോള്‍ പരിപാടിയൊക്കെ കാന്‍സെല്‍ ചെയ്തോടിവന്നിട്ട് ചാടി വണ്ടിയില്‍ കേറി,പിന്നെ അവിടുന്നങ്ങോട്ട് ഇന്‍ ഹരിഹര്‍ നഗര്‍ സിനെമായില്‍ മുകേഷ് പറഞ്ഞപോലെ 'തൊമാസൂട്ടി വിട്ടൊടാ' സ്റ്റൈലില്‍ ഒരുപോക്കായിരുന്നു.