July 11, 2009

നിത്യകന്യക

പ്രതീക്ഷകളായിരുന്നു അലീനയുടെ ജീവിതത്തിന്റെ ഏക ആശ്രയം.അത് കൊണ്ട് തന്നെ പെണ്ണ് കാണാന്‍ വരുന്ന ഓരോരുത്തരുടെ മുന്നിലും അവള്‍ അണിഞ്ഞൊരിങ്ങി നിന്നു,അല്‍പ്പം വിശമത്തോടെയാണെങ്കിലും.

ഓരോ പെണ്ണുകാണലും മറ്റൊന്നിന്റെ തനിപകര്‍പ്പായിട്ടവള്‍ക്ക് തോന്നി. ഏതാണ്ട് ഒരേ രീതിയിലുള്ള ചോദ്യങ്ങള്‍,ഭാവങ്ങള്‍.ആളുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ എത്ര പേര്‍ തന്നെ വന്ന്
കണ്ട് പോയെന്ന് അവള്‍ക്കറിയില്ലായിരുന്നു.

ഉമ്മയുടെ വയറ്റില്‍ നാലുമാസം പ്രായമെത്തുമ്പോള്‍ നിശ്ചയിക്കപ്പെടുന്നതാണുപോലും ഓരോ ജീവന്റേയും ഭാവി.ഓരോ മനുഷ്യനും കഥയറിയാതെ ആടുന്ന വെറും പാവകള്‍ മാത്രം.സമയമാവുന്ന പടു വൃക്ഷം തരുന്ന കായ്കള്‍ നല്ലതോ ചീത്തയോ എന്ന് രുജിച്ച് നോക്കാന്‍ കഴിയാതെ ഭക്ഷിക്കേണ്ടി വരുന്നവര്‍.എല്ലാവരേയും പോലെ അലീനയും തന്റെ സമയത്തിനായി കാത്തിരുന്നു,അതില്‍ വിശ്വസിച്ചു.

പക്ഷേ, ആ പടു വൃക്ഷം എന്നും വേദനകള്‍മാത്രമായിരുന്നു അവള്‍ക്കുവേണ്ടി കരുതിയിരുന്നത്.ആദ്യമായി ഉപ്പയുമായി പിണങ്ങി വീട് വിട്ട് പോയ ഉമ്മയുടെ രൂപത്തില്‍ ,പിന്നെ തന്റെ എല്ലാമെല്ലാമായൈരുന്ന വല്യുമ്മ ,അവര് വിട പറഞ്ഞ് പോയിട്ട് ഒരു കൊല്ലം കഷ്ടിച്ചേ ആകുന്നുള്ളൂ.ഇപ്പോള്‍ ഒരു വലിയ വീട്ടില്‍ താനും തന്റെ ഉപ്പയും മാത്രം.

വയസ്സു കാലത്ത് താനൊറ്റപ്പെടുമെന്ന തന്റെ ഉപ്പയുടെ ചിന്ത 30 വയസ്സു കഴിഞ്ഞിട്ടും നടക്കാത്ത തന്റെ കല്യാണത്തിന് ഒരു വലിയ കാരണമായി അവള്‍ക്ക് തോന്നി.മുന്‍പൊക്കെ ആരെങ്കിലും ഒക്കെ കല്യാണ ആലോജനകളുമായി വരാറുണ്ടായിരുന്നു,ഇപ്പോള്‍ അത് കുറഞ്ഞ് കുറഞ്ഞ് വന്നു,ഇനി വന്നാലും വല്ല രണ്ടാം കെട്ടും...

അവളുടെ ജീവിതത്തിലെ ഓരോ ബന്ധങ്ങളും മഴയത്ത് ചേമ്പിലത്താളില്‍ വന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പോലെയാണെന്ന് അവള്‍ക്ക് തോന്നി,മഴ പെയ്ത് തീരുമ്പോള്‍ അവസാനത്തെ ഒരു തുള്ളി അതില്‍ ഒഴുകി നടക്കും,ഒരു പ്രതീക്ഷക്കെന്നോണം...

കാലത്തിന്റെ നടപ്പാതയിലൂടെ നടന്ന് നീങ്ങിയപ്പോള്‍ കുഴിച്ച് മൂടിയതും,ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നതുമായിട്ട് ഒരുപാടുണ്ടായിരുന്നു അവളുടെ മനസ്സില്‍.അതില്‍ തന്നെ ആദ്യമായിട്ട് ഇഷ്ടമാണെന്ന് പറഞ്ഞ സലീമെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അയാളെ താന്‍ കണ്ട് തുടങ്ങിയത്,സ്കൂളിലെ ആരുമില്ലാത്ത ഇടനാഴികളില്‍ .അന്ന് അയാളുടെ മനസ്സിലുണ്ടായിരുന്നത് ശെരിക്കുമുള്ള സ്നേഹമായിരുന്നോ,അറിഞ്ഞുകൂടാ....

സ്കൂള്‍ യൂത്ത്ഫെസ്റ്റിവെല്‍ നടക്കുന്നദിവസം രാത്രി ഒരു സമ്മാനം തരാമെന്ന് പറഞ്ഞ് സ്കൂളിന്റെ ആളില്ലാത്ത ഒരു കോണിലേക്ക് വിളിച്ചു കൊണ്ട് പോയി തന്നെ കെട്ടിപ്പിടിച്ചതും ,ചുണ്ടില്‍ മുത്തമിട്ടതും , താന്‍ കൊതറി ഓടിയപ്പോള്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞതും വെറുതെയായിരുന്നോ...


ഇപ്പോഴും ഗെയ്റ്റിന്റെ മുന്നിലൂടെ സൈക്കിളില്‍ ബെല്ലടിച്ച് അവന്‍ വരുമെന്ന് തോന്നാന്‍ കാരണമെന്താണ്..
അയാള്‍ വേറെ കല്യാണം കഴിച്ചെന്നറിഞ്ഞപ്പോള്‍ തന്റെ ഉള്ളിലുള്ള വികാരമെന്തായിരുന്നു....തനിക്കയാളെ വെറുക്കാന്‍ കഴിയുമായിരുന്നില്ലല്ലോ അല്ലേ.....

പക്ഷേ പാഠപുസ്ത്തകത്തില്‍ നിന്നും പഠിച്ചതിനേക്കാള്‍ കൂടുതല്‍ അവള്‍ സ്വന്തം ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ നിന്നും പഠിച്ചിരുന്നു.അതിലൂടെ അവള്‍ ഒരുപാട് മാറിയിരുന്നു.അത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ കൈവിടാതെ അവള്‍ ഇന്നും ജീവിക്കുന്നു ,വരാനിരിക്കുന്ന നാളെക്കുവേണ്ടി....

June 29, 2009

പാസ്പോര്‍ട്ടിലും വ്യാജന്‍

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികഴിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.

ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍,എന്നുള്ള ചിന്തകളുമായി ഞാന്‍ എമിഗ്രേഷന്‍ കൌണ്ടറിലെത്തി.

എമിഗ്രേഷന്‍ കൌണ്ടറിലെ സാറിന് എന്തോ പന്തികേട് തോന്നിയത്പോലെയുണ്ട് ,അഞ്ച് മിനിട്ടിന് മേലെയായി പാസ്പോര്‍ട്ട് കൊടുത്തിട്ട്.ഞാന്‍ കൌണ്ടറിന്റെ മുകളിലൂടെ ഏന്തി നോക്കി അദ്ദേഹം പാസ്പോര്‍ട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍,അപ്പോളല്ലേ രസം,തട്ടാന്റെ കയ്യില്‍ സ്വര്‍ണ്ണം കിട്ടിയമാതിരി,അതിയാന്‍ അതിന്റെ ആദ്യത്തെ പേജിലെ ഫോട്ടോ ഇരിക്കുന്ന ഭാഗം ആഞ്ഞ് ചുരണ്ടിക്കൊണ്ടിരിക്കുന്നു.

ഇനി കുറച്ച്കൂടി ചുരണ്ടിയാല്‍ പാസ്പോര്‍ട്ടിന്റെ പുറം ചട്ട കീറി അങ്ങേരുടെ വിരള് പുറത്ത് ചാടുമെന്ന് മനസ്സിലാക്കിയ ഞാനാ ഏമാനോട് ചോദിച്ചു:

വാട്ട് ഹാപ്പെന്റ് സാര്‍..എനിത്തിങ്ങ് റോങ്ങ് വിത്ത് മൈ പാസ്പോര്‍ട്ട് ...?

എന്റെ ചോദ്യം കേട്ടതും ,അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ സ്വല്‍പ്പം അയവുവന്നു,എന്നിട്ട് എന്നോട് പറഞ്ഞു, ഒരുപാട് പേര് വ്യാജ പാസ്പോര്‍ട്ടുമായി ഇതിലെ വരുന്നുണ്ട് , അതില്‍ ഏറ്റവും കൂടുതലായിട്ട് വരുന്നത് കോഴിക്കോട് നിന്നുള്ളവരാണ്,നിങ്ങളുടെ പാസ്പോര്‍ട്ടും കോഴിക്കോട് നിന്നുള്ളതാണല്ലോ അതുകൊണ്ടാണ് ശെരിക്കുമൊന്ന് വെരിഫൈ ചെയ്തതെന്ന്..

ഏതായാലും പാസ്പോര്‍ട്ട് വാങ്ങി ഞാന്‍ വേഗം അവിടുന്ന് സ്ഥലം വിട്ടു,അല്ലെങ്കില്‍ ചിലപ്പോ നാട്ടുകാരുടെ ഭാക്കി കള്ളത്തരങ്ങളെക്കുറിച്ച് കൂടി കേള്‍ക്കേണ്ടിവന്നേനെ...

June 5, 2009

ഉണ്ണി (കഥ)

കര്‍ക്കിടകത്തിലെ കോരി ചെരിയുന്ന മഴയത്ത് എങ്ങ് നിന്നോ വന്ന ഒരു കൊച്ചുകുട്ടി ,കൊലായില്‍ നില്‍ക്കുന്ന സുഹറയെ കണ്ട് പകച്ച് നിന്നു.സുഹറ ആ സമയം മകന്‍ ആദിലിന്റെ സ്കൂള്‍ ബസ്സ് വെരുന്നതും കാ‍ത്ത് നില്‍ക്കുകയായിരുന്നു.വീടിന്റു മതില്‍കെട്ടു കടന്നാല്‍ ബസ് സ്റ്റോപ്പാണ് .അത് കൊണ്ട് നാലുമണി നേരമായാല്‍ കൊലായില്‍ വന്നിരിക്കും,മകന്റെ വരവും കാത്ത്.

എന്താ നിന്റെ പേര് ?

റിനാസ്

നീ എവിടുന്നാ വെരുന്നേ...?
എന്താ നിനക്ക് വേണ്ടത്...?
ഈ രണ്ട് ചോദ്യത്തിനും റിനാസ് ഉത്തരമൊന്നും പറഞ്ഞില്ല ,പകച്ച് നിന്നതേ ഉള്ളൂ.
സുഹറ വേഗം തോര്‍ത്ത് മുണ്ട് കൊണ്ടുപോയി കൊടുത്തു.മുഴുവന്‍ നനഞ്ഞല്ലോ കുട്ടിയേ എന്നും പറഞ്ഞ്.

അപ്പോയേക്കും സ്കൂള്‍ ബസ് വന്നിരുന്നു.സാധാരണ ഉറക്കം തൂങ്ങിയോ അല്ലെങ്കില്‍ ഇടക്ക് വെച്ച് ഉപേക്ഷിച്ച ഉറക്കത്തിനെ പഴിപറഞ്ഞോ വരാറുള്ള ആദില്‍ അന്ന് നല്ല പ്രസന്നനായിരുന്നു.കോലായില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന റിനാസിനെ കണ്ട് ഇതാരാ ഉണ്ണിക്കാക്കെയാ എന്നായിരുന്നു ആദിലിന്റെ ആദ്യത്തെ ചോദ്യം.
ഒരുപക്ഷേ ഉണ്ണി ഗെള്‍ഫില്‍ നിന്നും ലീവിന് അവന്റെ ഉപ്പാന്റെ കൂടെവരുമെന്ന് അവനും കേട്ടിരിക്കണം.അവന് കിട്ടാന്‍ പോകുന്ന കളിപ്പാട്ടങ്ങളുടെ ഒരു ചെറിയ കണക്കെടുപ്പെങ്കിലും നടത്തിയിരിക്കണം.

അത് ഉണ്ണിക്കാക്കനെപ്പോലെ വേറൊരു ഇക്കാക്കയാണെന്ന് സുഹറ തിരുത്തിപറഞ്ഞു,ഉണ്ണി ആദിലിന്റെ മൂത്താപ്പാന്റെ മകനാണ് ആളെക്കുറിച്ച് കേട്ടറിവല്ലാതെ കണ്ട് പരിചയമില്ല.
സുഹറ അപ്പോളേക്കും ഭര്‍ത്താവ് അലിയെ വിളിച്ച് കൊണ്ട് വന്നിരുന്നു.അലി അന്ന് പതിവിലും നേരത്തേ തന്നെ ഓഫീസ് വിട്ട് വന്നിരുന്നു.പഴയ പട്ടാളക്കാരനായത് കൊണ്ടാകണം ,പട്ടാളമുറയിലായിരുന്നു അലിയുടെ ചോദ്യം ചെയ്യല്‍. കാഴ്ച്ചയില്‍ ഒരാറ് വയസ്സ് തോന്നിക്കുന്ന റിനാസിന് പക്ഷേ അവന്റെ വീട് എവിടെയാണെന്നോ,വീട്ടുകാ‍ര്‍ എവിടെയാണെന്നോ പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

കുറച്ച് നേരത്തെ ആലോജനക്കൊടുവില്‍ അവര്‍ റിനാസിന് അഭയം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സുഹറ പറഞ്ഞു, വരുന്നത് വരട്ടെ ,അവനേക്കാളും ഒന്നോ രണ്ടോ വയസ്സ് തായെയുള്ള ഒരെണ്ണം നമുക്കുമില്ലേ..

ആദില്‍ ഒരുവിദത്തില്‍ പഴവും ചായയും കുടിച്ച് ഓടി വന്നു ,അവന്റെ ഉണ്ണിക്കാക്കാനെകാണാന്‍.റിനാസിലൂടെ കൂടെ ജെനിക്കാതെ പോയ കൂടെ പിറപ്പീനേയും ,ഒന്നിച്ചു കളിക്കാന്‍ ഒരു കളിക്കൂട്ടുകാരനേയും ഒരേ സമയം ആദില്‍ നോക്കിക്കാണുന്നുണ്ടായീരുന്നു.റിനാസ് തിരിച്ച് ആദിലിന്നോടും നല്ല സൌഹാര്‍ദം പുലര്‍ത്തിപോന്നു.

ക്രമേണ ആദിലിന്നുമാത്രമല്ല , എല്ലാവര്‍ക്കും അവന്‍ ഉണ്ണിയായിരുന്നു,അവരുടെ കണ്ണിലുണ്ണി.

കോരി ചെരിയുന്ന മഴയത്ത് ,ഇറയത്ത് നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തില്‍ അവര്‍ ഒരുമിച്ച് തോണി ഓടിച്ചു കളിച്ചു.പതിവായി കുത്തിയിരുന്നു കാണുന്ന മിസ്റ്റര്‍ ബീനും,ടോം ആന്റ് ജെറിയും കാണാനാളില്ലാതായി.അവര്‍ക്കിടയില്‍ വല്ലാത്ത ഒരു അടുപ്പം പൂത്ത് തളിര്‍ത്തത് വളരെ പെട്ടെന്നായിരുന്നു. അവരുടെ ലോകത്ത് ,അവര്‍ അവരുടെ സ്വര്‍ഗ്ഗം തീര്‍ത്തു.

അലി തന്നാലാവുന്നവിധം അന്യേഷിച്ചു നോക്കി ,ഉണ്ണിയുടെ അറ്റുപോയ കണ്ണിയെ തേടി.പേപറില്‍ പരസ്യം കൊടുത്ത് നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായിരുന്നില്ല.ഉണ്ണിയെ അടുത്തുള്ള സ്കൂളില്‍ ഒന്നാം തരത്തില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു.ആദിലിന്റെ സ്കൂളില്‍ തന്നെ ചേര്‍ത്താന്‍ നോക്കി പക്ഷേ അവിടെ സീറ്റ് കിട്ടിയില്ല.

സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയെപ്പോലെ ആദിലിന്റെ ലോകം തികച്ചും ഉണ്ണിയെ ചുറ്റി പറ്റിയുള്ളതായിരുന്നു.രാവിലെ ഉണര്‍ന്നാല്‍ പെയ്‌സ്റ്റോ ബ്രഷോ ചോദിക്കുന്നതിന്ന് മുമ്പേ ചോ‍ദിക്കുന്നത് ഉണ്ണിക്കാ‍ക്ക എവിടെ എന്നായിരുന്നു.

പക്ഷേ ആ നശിച്ച ഫോണ്‍ വന്നില്ലായിരുന്നില്ലെങ്കില്‍ എന്ന് ഇപ്പോളും എല്ലാവരും ആശിച്ചുപോകുകയാണ്.എല്ലാവരുടെയും സന്തോഷം എന്നെന്നേക്കുമായി കൊട്ടിയടക്കാന്‍ പോന്നതായിരുന്നു അത്.രാവിലെ നൂറ് കൂട്ടം പണിക്കിടയില്‍ നിന്നും സുഹറ വന്നെടുത്ത ഫോണ്‍ ഉണ്ണിയുടെ അമ്മാവന്റേതായിരുന്നു.വൈകീട്ട് നേരില്‍ക്കാണാമെന്നും പറഞ്ഞ ഉണ്ണിയുടെ അമ്മാവന് പക്ഷേ വീട്ടഡ്രസ്സ് കൊടുത്തത് മനസ്സില്ലാ മനസ്സോടെയായീരുന്നു.

അലി അന്ന് നേരത്തെ തന്നെ ഓഫീസില്‍ നിന്നും എത്തിയിരുന്നു.പറഞ്ഞ സമയത്ത് തന്നെ ഉണ്ണിയുടെ അമ്മാവന്‍ വീട് കണ്ട് പിടിച്ച് എത്തിയിരുന്നു.ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീടായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞു.അമ്മാവനെ കണ്ടപാടെ ഓടിഅടുത്ത ഉണ്ണിയുടെമുന്നില്‍ വേറെ തെളിവ് നിരത്തുന്നതിന്റെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല്ല.

“ബ്ലഡ് ഈസ് തിക്കര്‍ തേന്‍ വാട്ടര്‍ ‘'

പക്ഷേ മകനെ ഉപേക്ഷിച്ച് ബോംബെക്ക് വണ്ടി കയറിയ ഉണ്ണിയുടെ ഉപ്പയും ഉമ്മയും എവിടെയോ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു കഷണം തുണിയില്‍ ഈ ലോകത്തോ‍ട് വിട പറഞ്ഞത് എന്തിനെന്ന് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.സുഹറക്കും അലിക്കും ഉണ്ണിക്ക് സംഭവിച്ച തീരാ നഷ്ടങ്ങളെ സ്തബ്ധരാ‍യി നോക്കിനില്‍ക്കാനേ കയിഞ്ഞുള്ളൂ.

അതികം താമസിയാതെ തന്നെ ഉണ്ണി ആ വീടിനോട് വിട പറഞ്ഞു.ആദിലിനെ വിവരമറിയിക്കാതെ പ്രത്യേകം നോക്കിയിരുന്നു.

കുറച്ച് ദിവസം കയിഞ്ഞ്പ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഉണ്ണിയില്ലാത്ത കുറവ് മറന്ന് തുടങ്ങിയിരുന്നു ,ഒരാളൊഴിച്ച് , ആദില്‍.

ഉണ്ണി അവന്റെ കുടുംബക്കാരുടെ വീട്ടില്‍ കൂടാന്‍ പോയതാണെന്നുള്ള കള്ളം ഉള്‍കൊള്ളാന്‍ ആദില്‍ തയ്യാറായിരുന്നില്ല്ല.ആദിലിന്റെ ചിരിയും കളിയും ആ വീ‍ടീന് നഷ്ടമായി,എന്നെന്നേക്കുമായി.
ഒരുദിവസം കോലായില്‍ കസേരയില്‍ എങ്ങോ നോക്കിയിരിക്കുന്ന ആദിലിന്നെ നോക്കി സുഹറ ചോദിച്ചു മോനെന്താ ആലോജിക്കുന്നേ,മോന് ഉമ്മ പഴം പുഴുങ്ങിതരാം .ആദില്‍ അതിന്നൊരുമറുപടിയും പറഞ്ഞില്ല.കുറച്ച് സമയം കയിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ,ഉണ്ണിക്കാക്ക എപ്പോളാ വരിക....

ഒരു മഴക്കാലം കൂടി വന്നണഞ്ഞു ,ഉണ്ണി ഇല്ലാത്ത മഴക്കാലം.
ഒരു ദിവസം ,വൈകുന്നേരം മഴ വരുന്നത് കണ്ട് സുഹറ ആടിനെ കൂട്ടിലടക്കാനായി പുറത്ത് പോയി.തിരിച്ച് കൊലായില്‍ വന്ന് നോക്കുമ്പോള്‍ ആദിലിനെ അവിടെ എങ്ങും കാണാനില്ല.സുഹറ ഉറക്കെ വിളിച്ചു നോക്കി. അല്ലേലും ഈ ചെറുക്കനിങ്ങനെയാ ,എവിടെയെങ്കിലും പോയിരിക്കും,വിളിച്ചാ വിളി കേള്‍ക്കില്ല.മഴ ശക്തി കൂടി വരികയായിരുന്നു.സുഹറയുടെ ഒച്ച കേട്ടാണ് അലി ഉറക്കമുണര്‍ന്നത്.അപ്പോയേക്കും സുഹറ കരഞ്ഞ് തുടങ്ങിയിരുന്നു.അലി അറിഞ്ഞിരുന്നില്ല ,ആ കണ്ണീര് ഒരിക്കലും തോരാത്തതാകുമെന്ന്.

March 31, 2009

ചിട്ടിപിടിത്തവും ചില അമളികളും

ചിട്ടി പിടിച്ചവന്‍ പുലിവാലുപിടിക്കുമെന്നുള്ളത് എന്റെ അടുത്തിടെ ഉണ്ടായ ഒരു അനുഭവം എന്നെ പഠിപ്പിച്ചു.


കെ. എസ്.എഫ്.ഇ യുടെ ഒരു ചിട്ടിവിളിച്ചെടുത്തിട്ട് കാശ് വാങ്ങിക്കാന്‍ വേണ്ടി ചെന്ന എനിക്ക് ഒരു നീണ്ട ലിസ്റ്റ് എടുത്ത് തന്നു അവിടുത്തെ മാനാജെര്. എന്നിട്ട് സെക്യുരിറ്റിക്ക് വേണ്ടി വെക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരത്തിന്റെ കൂടെ ഇതൊക്കെ വേണമെന്ന്.വേറെ ഒന്നു രണ്ട് ഓപ്ഷന്‍ തന്നതില്‍ എനിക്ക് തോന്നി ആധാരം തന്നെയാണ് നല്ലതെന്ന് കാരണം മറ്റുള്ള ഓപ്ഷനൊക്കെ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നതാണ്.


നല്ല പാതിയേയും കൂട്ടി നേരെ ചെന്ന് കയറിയത് വില്ലേജോഫീസിലേക്കായിരുന്നു.
1)കൈവശാവകാശം
2)സ്ഥലത്തിന്റെ സ്കെച്ച്
3)നികുതി അടച്ച രസീത്
എന്നീ അയിറ്റംസ് ഒക്കെ പുല്ലു പോലെ തരാമെന്നേറ്റു വില്ലേജോഫീസര്‍.പക്ഷേ, മരിച്ചുപോയ വല്യുപ്പാന്റെ ഫാമിലി സര്‍ട്ടിഫിക്കെറ്റ് (കുടുമ്പസ്വത്ത് ഭാഗം വെച്ച് കിട്ടിയത് ഒരാളുടെ ഓഹരി എനിക്ക് വിറ്റു,അതു വഴിയാണ് ഈ പറമ്പ് എന്റെ പേരില്‍ വന്നത്) ,അതിന് വല്യുപ്പാന്റെ പ്രായത്തിലുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് വില്ലേജില്‍ ചെന്ന് കൊടുക്കണമെന്ന്. പെട്ട് പോയെന്ന് പറഞ്ഞാ മതിയല്ലൊ ...


വില്ലേജ് ഓഫീസറ് ചേട്ടനോട് വിനീതനായിക്കൊണ്ട് ഞാന്‍ പറഞ്ഞു, വല്യുപ്പ മരിച്ചിട്ട് ഏതാണ്ട് ഒര് പത്ത് കൊല്ലമെങ്കിലുമായി, പിന്നെ അദ്ദേഹം മരിച്ചത് തന്നെ നൂറിലുമേല്‍ പ്രായമായിട്ടാ ,അത്രെക്ക് പയക്കമുള്ള ആള്‍ക്കാര് പോയിട്ട് തേക്കോ പ്ലാവോ പോലും ആ നാട്ടിലെങും കാണില്ല.അതുകൊണ്ട്,അതൊയിച്ചുള്ള എന്ത് വേണമെങ്കിലും പറഞ്ഞോ ഞാന്‍ നോക്കാമെന്ന്.ഒടുക്കം അദ്ദേഹം പ്രായം ഇച്ചിരി കുറച്ച് തന്നു ,ഒരു പത്തെഴുപത് വയസ്സുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് മതിയെന്നാക്കി....ഹാവൂ അവിടെ ഞാന്‍ രക്ഷപ്പെട്ടു.


പിന്നെ ഞാന്‍ ലിസ്റ്റ് എടുത്ത് നോക്കിയപ്പോള്‍ വേറൊരു അയിറ്റം കിടക്കുന്നു......കുടിക്കടം .റജിസ്റ്റ്രാര്‍ ഓഫീസില്‍ നിന്നും കൊടുക്കുന്ന പറമ്പിന്റെ ക്രയവിക്രയത്തിന്റെ ലിസ്റ്റ്....ഓരോ പേരുകളേ..


അടുത്ത ദിവസം തന്നെ അമ്പലത്ത് കുളങ്ങര രജിസ്റ്റ്രാര്‍ ഓഫീസിന്റെ അടുത്ത് തന്നെ എനിക്ക് പരിജയമുള്ള ആധാരമെഴുത്ത് കാരന്‍ മൂ‍സാക്കാന്റെ അടുത്ത് ചെന്നു. പുള്ളിക്കാരനാവുമ്പോള്‍ എളുപ്പത്തില്‍ സങ്ങതി ഒപ്പിച്ചെടുക്കാനാവും എന്നു കരുതിയാണ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കേറിയത്. ചെന്ന് കയറി,ആവശ്യമറിയിച്ചപ്പോള്‍ ആധാരം കൊടുക്കാന്‍ പറഞ്ഞു. മൂസാക്കാ ആധാരം വാങ്ങിയിട്ട് ഒരു മൂന്ന് പേജ് മറച്ചിട്ട് മടക്കി എന്റെ കയ്യില്‍ തന്നെ തന്നു എന്നിട്ട് കള്ളികളായിട്ടുള്ള ഭാഗം കാണിച്ചിട്ട് എന്നോട് പറഞ്ഞു ഇതിന്റെ ഒരു മൂന്ന് 'പട്ടിക' ഇങ്ങ് എടുത്തോ എന്ന്.


ഞാന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ രെജിസ്റ്റ്രാര്‍ ഓഫീസില്‍ ചെന്ന് കയറി.അവിടെ ആദ്യം കണ്ട ചേട്ടനോട് തന്നെ കാര്യം പറഞ്ഞു.ചേട്ടന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി ,എവിടുന്ന് കുറ്റിയും പറച്ചോണ്ട് വരുന്നെടാ എന്നുള്ള രീതിയില്‍.ഇതാ താഴത്തെ ഫോട്ടോസ്റ്റാറ്റ് കടയില്‍ കൊടുത്താമതി ,അവരെട്ത്ത് തരും തന്റെ ‘പട്ടിക’ എന്ന് പറഞ്ഞ് .


അവിടുന്ന് ഇറങ്ങി ഫോട്ടോസ്റ്റാറ്റ് കടയില്‍ കയറാന് നേരത്ത് ,അവിടെ അതാ നില്‍ക്കുന്ന് നമ്മുടെ മൂസാക്കാന്റെ വലം കയ്യി റൈറ്ററത്തി (എഴുത്തുകാരി എന്നും പറയാം) ഏതോ ഒരു താത്ത.താത്ത എന്നെ കണ്ടതും ഒരു ചോദ്യം..പട്ടിക എടുക്കാന്‍ നിങ്ങള് എന്തിന്നാ രെജിസ്റ്റ്രാര്‍ ഓഫീസിലൊക്കെ പോയത് ഇവിടെ വന്നാ പോരെ എന്ന്. അത് കേട്ടപ്പോള്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി ഞാനായത് കൊണ്ട് റെജിസ്റ്റ്രാഫീസിലേ പോയുള്ളൂ ,വേറെ വല്ലോരും ആയിരുന്നേല്‍ നേരെ മരമില്ല് തപ്പി പോയേനെ ‘പട്ടിക’ അന്യേഷിച്ച്.......


ഒടുക്കം ,ലിസ്റ്റിലെ അയിറ്റംസ് തികച്ച് കൊണ്ട് കെ.എസ്.എഫ്.ഇ യുടെ പടികയറുമ്പോള്‍ ലീവ് തീരാന്‍ രണ്ട് ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ

January 17, 2008

ഒരു രാജസ്ഥാനീ സ്വീകരണം

അതിഥി സല്‍‌ക്കാരമായാല്‍ ഇങ്ങനെ വേണം.......

വീട് വിട്ട് ഫീല്‍ഡും തേടി പോകുന്ന ജീവിതയാത്രയില്‍ കോട്ട കൊത്തളങ്ങളുടെ സൊന്തം നാടായ രാജസ്ഥാനിലെ ബാര്‍മര്‍ എന്ന സ്ഥലത്ത് കെയ്‌ന്‍ എനര്‍ജി എന്ന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയം.

ഒരു ദിവസം കൂടെ ജോ‍ലി ചെയ്യുന്ന രാജസ്ഥാനി രാം‌ലാല്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാനും കൂടെ ജോലി ചെയ്യുന്ന ജോര്‍ജ് എന്ന ഇരിങ്ങാലക്കുടക്കാരനും ഉടനെ സമ്മതം മൂളിയതിന്റെ പിന്നിലെ പ്രധാന കാരണം പുറമെ നിന്നും നോക്കിയാല്‍ വൈക്കോല്‍ കൂന പോലെ തോന്നുന്ന ഇവരുടെ വീടൊന്നു കാണുക എന്നുള്ളതായിരുന്നു.


അന്ന് വൈകീട്ട് തന്നെ ഡ്രൈവര്‍ ഗംഗാറാമിനെയും കൂട്ടി ബാര്‍മര്‍ അങ്ങാടിയില്‍ പോയി കുറച്ച് ചോക്ക്ലേറ്റും ഫ്രൂട്സും ഒക്കെ വാങ്ങി ഞങ്ങള്‍ രാം‌ലാലിന്റെ വീട്ടിലേക്ക് പോയി. പോകുന്ന വഴിയില്‍ രാം‌ലാല്‍ പണ്ട് പഠിച്ച സ്കൂള്‍ കാണിച്ചു തന്നു.വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ നടന്നാണത്രെ പോയിരുന്നത്.



ടാര്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മരുഭൂമി താണ്ടി വേണം പുള്ളിക്കാരന്റെ വീട്ടില്‍ എത്താന്‍ ,വണ്ടി 4x4 അല്ലെങ്കിലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പുള്ളിക്കാരന്റെ വീടിന്റെ അടുത്ത് ചെന്ന് ഇറങ്ങാന്‍ സാധിച്ചു.


പുറത്ത് നിന്ന് നോക്കിയാല്‍ രണ്ട് വൈക്കോല്‍ കൂന നില്‍ക്കുന്ന പോലെ തോന്നും വീട് കാണാന്‍(നാട്ടിന്‍ പുറത്തുള്ള ഒട്ടു മിക്ക വീടുകളും ഇങ്ങനെ തന്നെ ആയീരുന്നു).നിലത്ത് നിന്നും ഒരാള്‍ പൊക്കം വരെ വൃത്താകൃതിയില്‍ കല്ലു വച്ച് കെട്ടും എന്നിട്ട് അതിന്റെ മുകളില്‍ നമ്മുടെ നാട്ടില്‍ ഓല വെച്ച് പുര മേയുന്നതിനു പകരം ചുള്ളികമ്പ് അടുക്കി വെച്ചിട്ട് നാലോ അഞ്ചോ ഇഞ്ച് കനത്തില്‍ മുളച്ച് വരുന്ന കൂണിന്റെ തൊപ്പി പോലെ വെച്ച് കെട്ടും,പൊള്ളുന്ന ചൂടില്‍ നിന്നും രക്ഷ നേടാന്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള വീടുകള്‍ സഹായകമത്രെ.മൊത്തം നാലോ അഞ്ചോ ആള്‍ക്ക് കിടക്കാനുള്ള സൌകര്യം കാണും ഒരു വീട്ടില്‍, ഇതു പോലുള്ള രണ്ട് വീടുകള്‍ ചേര്‍ന്നതായിരുന്നു രാം‌ലാലിന്റെ വീട്.


ഞങ്ങളെ കണ്ടതും ഒരൊന്നൊന്നെര മീറ്റര്‍ സാരി വലിച്ച് തലയില്‍ കെട്ടിയ ഒരു കപ്പടാ മീശക്കാരന്‍ ഞങ്ങളോട് കേറി ഇരിക്കാന്‍ വേണ്ടി പറഞ്ഞു.രാം‌ലാലിന്റെ ചേട്ടനായിരുന്നു അത്.(പിന്നെ തലയില്‍ കെട്ടിയത് സാരിയൊന്നുമല്ല അവരുടെ തലപ്പാവാണ്)


ജോര്‍ജിനെ ചൂണ്ടി കാണിച്ചിട്ട് ഇതാണെന്റെ ബോസ്സ് എന്ന് പറഞ്ഞതും കപ്പടാ മീ‍ശക്കാരന്റെ വിനയവും ആദരവുമൊക്കെ പത്തു മടങ്ങ് കൂടി.ഉടനെ അകത്ത് പോയിട്ട് ഒരു പോളിത്തീ‍ന്‍ കവറില്‍ വെടിമരുന്ന് കഞ്ഞി വെള്ളത്തില്‍ കുഴച്ച പോലെ ഒരു സാധനം കൊണ്ടു വന്നു,എന്നിട്ട് അതില്‍ നിന്നും ഒരു ഉരുള എടുത്ത് ജോര്‍ജിന് നീട്ടി.കാക്ക തേങ്ങാ പൂളു കണ്ട പോലെ ജോര്‍ജ് ആ സാധനത്തിലേക്ക് ഇടങ്കണ്ണിട്ടൊന്നു നോക്കി,എന്നിട്ട് ചോദിച്ചു

‘ക്യാ ഹെ യെ’

കപ്പടാ മീശക്കാരന്‍ പറഞ്ഞു

‘ഒഫിയാം ഹെ സാബ് ‘

ഒരുപിടിയും കിട്ടുന്നില്ലെന്ന് കണ്ട് ഡ്രൈവര്‍ ഗംഗാറാം കേറി ഇടപെട്ടു:സാര്‍ ,ഇതു ഒപിയം എന്ന് പേരുള്ള ഒന്നാം തരം മയക്കുമരുന്നാണ്.ഒപിയം എന്ന് കേട്ടപ്പോളുണ്ടായ ഞെട്ടെലില്‍ ജോര്‍ജ് ഇരുന്ന ഇരിപ്പില്‍ നിന്നും രണ്ടടി പൊങ്ങിയതായിട്ട് എനിക്ക് തോന്നി.ഒരു തരത്തില്‍ ‘ഞങ്ങളാ ടൈപ്പല്ല ചേട്ടാ’ എന്ന് പറഞ്ഞ് അയാളെ വിശ്വസിപ്പിച്ചു.

ഈ സാധനം രാജസ്ഥാനികള്‍ വീട്ടില്‍ ‘കാര്യപ്പെട്ടവര്‍’ വിരുന്നു വരുമ്പോള്‍ കൊടുക്കാറുള്ളതാണെന്ന് പീന്നീട് ഗംഗാറാമാണ്‌ പറഞ്ഞു തന്നത്.

ഓരോ നാട്ടിലെ ഓരോരോ രീതികളേ

January 7, 2008

കൈലോടി തോടും എന്റെ കുട്ടിക്കാലവും

നിറഞ്ഞു കവിഞ്ഞൊഴുകുന്ന കൈലോടി തോട്ടില്‍ ഒന്നര ആള്‍ക്ക് വെള്ളമുള്ളപ്പോള്‍ ഓരോരുത്തര്‌ സമ്മര്‍ സോട്ട് അടിച്ച് ചാടി വീണിട്ട് കയ്യും കാലും വെള്ളത്തിലടിച്ച് നീന്തി പോകുന്നത് വളരെ കൌദുകത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍.

ഇങ്ങനെ ആള്‍ക്കാര്‍ നീന്തുന്നത് കണ്ട് വളര്‍ന്നത് കൊണ്ട് എന്റെ ചെറുപ്പകാലത്തെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു നീന്തല്‍ പഠിക്കുക എന്നുള്ളത്.നീന്തല്‍ പഠിക്കാന്‍ ഏറ്റവും നല്ല എളുപ്പ വഴി കാറ്റുനിറച്ച ട്യൂബാണെന്ന് മനസ്സിലാക്കിയ ഞാന്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പഴയ ജീപിന്റെ ട്യൂബ് ഒപ്പിച്ചെടുത്തു.

എന്നിട്ട് ഒരു കയ്യില്‍ കാറ്റു നിറച്ച ട്യൂബും പിടിച്ച് എന്നും തോട്ടിന്റെ കരക്ക് ചെന്ന് വെള്ളത്തില്‍ ചാടാന്‍ വേണ്ടി ചട്ടം കെട്ടി നില്‍ക്കും,പക്ഷെ ഒടുക്കത്തെ ധൈര്യം കാരണം കാല്‍ വെള്ളത്തില്‍ കുത്താന്‍ മാത്രം പറ്റിയില്ല.അങ്ങിനെ നാലോ അഞ്ചോ ദിവസം കടന്ന് പോയി.എന്റെ ദുഖം മനസ്സിലാക്കി ഒരു ദിവസം പിതാജി എന്റെ കൂടെ തോട്ടില്‍ വന്നു.ഞാന്‍ ട്യൂബ് പിടിച്ച് മുന്നിലും പിതാജി പിന്നിലും ആയിട്ട് ചെന്ന്
അധികം വെള്ളമില്ലാത്ത സ്ഥലം നോക്കി എന്നെ ഇറക്കിയിട്ട് ട്യൂബിന്റെ നടുക്ക് സ്ഥാനമുറപ്പിച്ചു തന്നു.ഉള്ളില്‍ നല്ല പേടി തോന്നിയെങ്കിലും വെള്ളത്തിന്റെ മുകളിലങ്ങനെ ഒഴുകി നടക്കുന്നത് ഒരു നല്ല അനുഭവമായിട്ട് തോന്നി. അങ്ങനെ ട്യൂബിന്റെ സഹായത്തോടെ ഞാന്‍ പതുക്കെ എല്ലാരും വെള്ളത്തില്‍ ചാടുന്ന ഭാഗത്ത് പോയി ചാടും എന്നിട്ട് ഒരു പത്തിരുപത് മീറ്റര്‍ മുന്നില്‍ വന്ന് കരക്ക് കേറുകയും ചെയ്യും.ഒഴുക്കില്‍ ഒഴുകി വന്നിട്ട് കേറുന്ന സ്ഥലമെത്തുമ്പോള്‍ ഒരു ടെന്‍ഷനാ എങ്ങാനും പിടിത്തം കിട്ടി ഇല്ലേല്‍ നേരെഅറബി കടലില്‍ ചെന്നെത്തും അത്രക്ക് ഒഴുക്കാ വെള്ളത്തിന്.

ഞാനൊരു പാവമാണെന്നുള്ള വലിയ ഒരു ലേബല്‍ നെറ്റിമ്മല്‍ ഒട്ടിച്ച് ട്യൂബുമായിട്ട് വെള്ളതില്‍ ചാടാന്‍ വരുന്ന നേരത്ത് എന്നെ എതിരേല്‍ക്കാന്‍ നീന്തലില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയുമുള്ള ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.റാഗിംഗ് സമയത്ത് സീനിയേസിന്റെ ഇടയില്‍ പെട്ട ജുനിയര്‍ പയ്യന്റെ അവസ്ഥ ആയിരുന്നു എനിക്ക് അപ്പോള്‍.ഒരു ദിവസം നീന്തി കൊണ്ടിരുന്ന എന്റെ കയ്യില്‍ നിന്നും ഒരു ചേട്ടന്‍ ട്യൂബ് തട്ടിപറിച്ചെടുത്തിട്ട് അതിന്റെ മുകളില്‍ വിശാലമായിട്ട് കിടന്ന് നീന്തി ഞാന്‍ വെള്ളത്തിലുമായി,ഗ്ലും ഗ്ലും എന്നും പറഞ്ഞു വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറെ വെള്ളം കുടിച്ചു.കുറേ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ പാവം തോന്നി ട്യൂബ് പിടിച്ചെടുത്ത ചേട്ടന്‍ തന്നെ വന്നെന്നെ രക്ഷിച്ചു.

വെള്ളത്തില്‍ കളിച്ചിട്ട് മതിയാക്കാന്‍ ആയോന്നറിയാന്‍ ഞങ്ങള്‍ക്കൊരു വഴി ഉണ്ടായിരുന്നു.കണ്ണ് നല്ല ചോര നിറത്തില്‍ ചുവന്നാല്‍ ‍അതിന്നര്‍ത്ഥം,ഇന്നേക്കുള്ളതായി എന്നാണ്.പിന്നെ അധികം താമസിയാതെ വീട്ടില്‍ ഹാജര്‍ വെക്കും .അല്ലെങ്കീ വൈകി വീട്ടില്‍
ചെല്ലുമ്പോള്‍ കയ്യും കാലുമൊക്കെ ചുവന്നെന്നിരിക്കും നല്ല ചുട്ട പെട കൊണ്ടിട്ട്.

ഇടക്ക് എന്തെങ്കിലും പറഞ്ഞ് സോപ്പിട്ടിട്ട് എന്റെ പെങ്ങളേയും കൂടെ കൂട്ടുമായിരുന്നു.എന്നിട്ട് നീന്തം കഴിഞ്ഞ് ,വെള്ളം കുറഞ്ഞ ഭാഗത്ത് പോയിട്ട് തോര്‍ത്തുമുണ്ട് വീശി പരല്‍ മീനിനെ പിടിക്കും രണ്ടാളും കൂടി.ഇങ്ങനെ കിട്ടുന്ന പരല്‍ മീനിനെ ഒക്കെ വീട്ടിലെ കിണറ്റില്‍ കൊണ്ടിടും.

എന്റെ നീന്തല്‍ കഥകള്‍ കേട്ട് പൂതികേറി ,സമപ്രായക്കാരിയായ എന്റെ കസിന്‍ സിസ്റ്റര്‍ ഒരു ദിവസം എന്റെ കൂടെ നീന്തല്‍ കാണാന്‍ കൂടെപുറപ്പെട്ടു.ഒരു ധൈര്യത്തിന് പിതാജിയും കൂടെ വന്നിരുന്നു.എന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ പറ്റിയ അവസരമാണെന്ന് മനസ്സിലാക്കി
അവളെ കാണിക്കാന്‍ വേണ്ടി പലതരം അഭ്യാസം ഞാന്‍ പുറത്തെടുത്തു തുടങ്ങി.ട്യൂബ് ആദ്യം വെള്ളത്തിലേക്ക് ഒറ്റ ഏര്‍ വെച്ച് കൊടുത്തിട്ട് അതിന്റെ നടുക്കേക്ക് കരയില്‍ നിന്ന് ഡൈവ് ചെയ്‌ത് കേറുക.പിന്നെ വീട്ടില്‍ ചാരു കസാരയില്‍ ഇരിക്കുന്ന പോലെ ട്യൂബിന്റെ നടുക്ക് കടന്നിട്ട് ഒറ്റക്കൈകൊണ്ട് തുഴഞ്ഞു നീന്തുക.ഇതു കണ്ട് ഹരം കേറിയ അവള്‍ക്കൊരു പൂതി,അവള്‍ക്കും ഒന്നു നീന്തണം.ജനിച്ചിട്ട് ഇന്നേവരെ തോടു പോലും കാണാത്ത ഇവളെങ്ങാനും വെള്ളത്തിലിറങ്ങിയാല്‍ എന്ന് ആലോജിച്ച് നില്‍ക്കുമ്പോള്‍ തന്നെ പിതാജി സമ്മതം മൂളി കഴിഞ്ഞിരുന്നു.

എന്നാല്‍ ചാടിക്കോന്ന് പറഞ്ഞ് പിതാജി ട്യൂബ് വെള്ളത്തിലോട്ടിട്ടതും ,എന്നാ ശരീന്നു പറഞ്ഞ് അവള്‍ എടുത്തൊരൊറ്റ ചാട്ടം വെച്ചുകൊടുത്തു ,പക്ഷെ ആവേശത്തില്‍ എടുത്ത് ചാടിയപ്പോള്‍ കരക്‌റ്റ് ട്യൂബിന്റെ നടുക്ക് തന്നെ ലാന്റ് ചെയ്തെങ്കിലും പിടിവള്ളികിട്ടാതെ ശരോന്ന് പറഞ്ഞ് വെള്ളത്തിന്റെ അടിയിലോട്ട്
ആണ്ടങ്ങ് പോയി.

എനിക്കാകെ കയ്യും കാലും വിറച്ചിട്ട് പിന്നവിടെങ്ങും സ്ഥലം പോര.അവള്‍ വെള്ളത്തില്‍ മുങ്ങിയത് കണ്ടതും പിതാജി
അവസരത്തിനൊത്ത്പ്രവര്‍ത്തിച്ചു.അവള്‍ മുങ്ങിപ്പോയതിന്റെ കുറച്ചു മുന്നിലായിറ്റ് പിതാജിയും ചാടി ഊളിയിട്ടു ,ഒരു മിനിട്ട് നേരം ഞാന്‍ നോക്കി നിന്നു ഒരനക്കവും എവിടുന്നുമില്ല. ഇവരെ രണ്ടാളെയും തപ്പി വെള്ളത്തില്‍ ഇറങ്ങാന്ന് വെച്ചാല്‍ എന്നിലെ നീന്തല്‍ കാരനെട്ട് അനുവദിക്കുന്നുമില്ല,പോരാത്തതിന്‌
കയ്യിലിരുന്ന ട്യൂബ് വെള്ളത്തീ പോവുകയും ചെയ്‌തു.

എന്റെ പേടികളെ എല്ലാം കൈലോടി തോടു കടത്തി കൊണ്ട് ഏതാണ്ട് ഒരു 7 മീറ്റര്‍ താഴെ ആയിട്ട് പിതാജിപൊങ്ങി വന്നു ,ഒരു കയ്യില്‍ എന്റെ കസിനെയും പിടിച്ചു കൊണ്ട്.അന്നേരം എന്റെ മനസ്സില്‍ തോന്നിയ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതായിരുന്നു.

December 23, 2007

അമ്മക്കിളിയുടെ പേയിംഗ് ഗസ്റ്റുകള്‍

ജീവിതത്തിലെ ഏകാന്തതക്ക് ഒരു ശമനം കിട്ടാനും കൂട്ടത്തില്‍ ഇച്ചിരി കാശും എന്നുള്ള പോളിസിയിലാണ്‌ അമ്മക്കിളീന്നു വിളിക്കുന്ന കാര്‍ത്യായനി അമ്മച്ചിയുടെയും കൊച്ചേട്ടന്‍ എന്നു വിളിക്കുന്ന അവരുടെ ഭര്‍ത്താവിന്റെയും മാത്രം ലോകത്തേക്ക് പേയിംഗ് ഗോസ്റ്റുകളായിട്ട് ഞങ്ങള്‍ മൂന്ന് ചെങ്ങന്നൂര്‍ എഞ്ചിനീയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്തികള്‍ -ഞാന്‍,കുന്നികോട്ടുകാരന്‍ സജു,എറണാകുളത്തു കാരന്‍ഹരീഷും കൂടെ വന്നു ചേരുന്നത്.ഇടക്ക് സുബ്രമണിയന്‍ എന്ന ഒരു കോട്ടയത്തുകാരനും വന്നു കുടിയേറിയിരുന്നു.പക്ഷെ അവന്‍ വീട് അടുത്തായത് കൊണ്ട് വീട് മടുക്കുമ്പോള്‍ മാത്രം വരാനുള്ള ഒരു ഇടക്കാല വസതി എന്നേ അതിനെ കണ്ടിരുന്നുള്ളൂ.

രണ്ടാം സെമെസ്റ്റെറിന്റെ തുടക്കത്തിലാണ്‌ ഞങ്ങള്‍ അവിടെ ചേക്കേറുന്നത്.ആ വീടിന്റെ പ്രത്യേകതകളില്‍ ഒന്ന്,കോളേജിന്റെ ബാക്കില്‍ തന്നെ ആയതുകൊണ്ട് അതികം നടന്ന് കാലിനിട്ട് പണി കൊടുക്കണ്ട,പിന്നെ ഈ വീടിന്റെ മുന്നില്‍ കൂടെയാണ്‌ രംഭ തിലോത്തമമാര്‍ മുഴുവന്‍ കോളേജിലേക്ക് പോയി കൊണ്ടിരുന്നത്.

കോളേജ് വിട്ടു വന്നാല്‍ നിരന്ന് വീട്ടിലെ സ്റ്റെപ്പിന്റെ മുകളിലിരുന്ന് ഒരു കത്തിയടി പതിവായിരുന്നു.അവിടെ ഇരുന്നാകുമ്പോള്‍ താളിയും ഒടിക്കാം പൂരവും കാണാം,എന്നു പറഞ്ഞപോലെ കത്തി വിത് വായ്‌നോട്ടമായിരുന്നു ലക്ഷ്യം.

ചെവീടെ ഗാരണ്ടി പിരീഡ് ഏതാണ്ട് അമ്മച്ചിക്കും കൊച്ചേട്ടനും തീര്‍ന്നു തുടങ്ങിയിരുന്നു.അതു കൊണ്ട് ഇവര്‍ രണ്ടാളും സ്നേഹത്തോടെഎന്തെങ്കിലും പറയുന്നത് കേട്ടാല്‍ പോലും തല്ലി പിരിയാന്‍ പോവുന്നെന്നേ ഞങ്ങള്‍ക്കു തോന്നാറുള്ളായിരുന്നു.വെയില്‍ ഉച്ചി വെരെഎത്തിയാലും എഴുന്നേല്കാത്ത ഞങ്ങളെ കാലത്ത് ആറുമണിക്കു തന്നെ ഉണര്‍ത്തുന്നതില്‍ ഇവരുടെ ഈ സ്നേഹ സംഭാഷണങ്ങള്‍ നല്ലൊരു പങ്കു വഹിച്ചു പോന്നു.

അമ്മച്ചി തന്റെ ഫ്ലാഷ് ബാക്ക് കഥകള്‍ അവതരിപ്പിക്കുമ്പോള്‍ കറുത്തിരിണ്ട അമ്മച്ചിയുടെ മുഖത്തും ഏഴു സുന്ദര രാത്രികള്‍ പാടുന്ന ഷീലാമ്മയെ പോലെ ഒരു ചെറിയ തെളിച്ചമൊക്കെ കാണാമായിരുന്നു.അമ്മച്ചി പഴയ ഒരു നാടക നടി ആയിരുന്നു.കൊച്ചേട്ടന്‍ ആ നാട്ടിലെ ഒരു പേരുകേട്ട കുടുംബത്തെ അം‌ഗവും.പോരാത്തതിന്‌ എക്സ്-മിലിട്രിയും.അപ്പൂപ്പെനെന്ത് കണ്ടിട്ട് അമ്മച്ചിയെ പ്രേമിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് എത്ര ആലോജിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.ഏതൊരു പട്ടാളക്കാരെനെയും പോലെ,പഴയ പട്ടാള കത്തി ഇടക്ക് എടുക്കുമെന്നല്ലാതെ അപ്പൂപ്പനെക്കൊണ്ട് വേറെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല.


ഒരു ഇന്ത്യ പാക്കിസ്താന്‍ ക്രിക്കെറ്റുള്ള ദിവസം.ഞങ്ങള്‍ മൂന്നുപേര്‍ക്കും ക്രിക്കെറ്റ് കാണാന്‍ ആണെങ്കില്‍ വേറെ വഴി ഒന്നും കാണുന്നില്ല.പിന്നെ ആകെ ശരണം അമ്മച്ചിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി തന്നെ.ബ്ലാക്ക് ആന്റ് വൈറ്റ് എങ്കില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പക്ഷെ അമ്മച്ചിയെ കൊണ്ട്
തുറപ്പിക്കുന്നതെങ്ങിനെ.അമ്മച്ചി ടിവി വാങ്ങിച്ചതു തന്നെ രാമായണം കാണാനും ജയ് ഹനുമാന്‍ കാണാനും മാത്രമാണ്‌ .പിന്നെ അപ്പുറത്തെ വീട്ടിലെ കൊച്ചുങ്ങള്‍ വരുന്നത് കൊണ്ട് ഞായറാഴ്ചത്തെ സിനിമക്കും ഒന്നു തുറക്കും.


മണി അടിക്കാന്‍ സജു മിടുക്കനായതുകൊണ്ട് അവന്‍ പയ്യെ അമ്മച്ചിയെ പോയി സോപ്പിട്ടു,അന്നത്തെ ക്രിക്കെറ്റിന്റെ പ്രത്യേകതയേയും അതു മിസ്സ്ആയാല്‍ ഞങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന തീരാ നഷ്ടത്തേയും കുറിച്ച്.അങ്ങിനെ മനസ്സില്ലാ മനസ്സോടെ അമ്മച്ചി വന്നു ടിവി
തുറന്നു.എന്നിറ്റ് ഞങ്ങളെ കൂടെ ടിവീടെ മുന്നില്‍ തന്നെ ഇരുന്നു. അമ്മച്ചിക്ക് ഇഷ്ടമാകാത്തതൊന്നും ആ ടിവിയില്‍ ആരും കാണരുതെന്നൊരു നിര്‍ബന്ധം അമ്മച്ചിക്കുണ്ടായിരുന്നു, സജു അത് കണ്ടറിഞ്ഞ് തന്നാല്‍ ആവുന്ന രീതിയില്‍ ക്രിക്കെറ്റ് ആസ്വദിക്കാനുള്ള എളുപ്പ മാര്‍ഗങ്ങല്‍ ഒരു കാപ്സ്യൂള്‍ രൂപത്തിലാക്കി അമ്മച്ചിക്കുപറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.അപ്പൊ അമ്മച്ചിക്കൊരു സംശയം ,ആ മടലും കൊണ്ട് ഓടുന്നത് എന്നാത്തിനാ ,അതമ്മച്ചീ റണ്‍സെടുക്കാനാ..എന്ദ് ഔണ്‍സൊ .അരീന്നു പറഞ്ഞാ തെറീന്നു കേള്‍ക്കുന്ന അമ്മച്ചിയോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ,ഔണ്‍സെങ്കീ ഔണ്‍സ്.ഞങ്ങള്‍ മിണ്ടാതിരിന്ന് കളി കണ്ടു.

പിന്നെ സച്ചിന്‍ ഒരു ഫോര്‍ അടിച്ചപ്പൊ അതാണ്‌ അമ്മച്ചീ ഫോര്‍ എന്നും പറഞ്ഞ്
അമ്മച്ചിയെ ഫോര്‍ പഠിപ്പിക്കലായി അടുത്ത പരിപാടി.

ഏതായാലും അമ്മച്ചി കളി നല്ല രസത്തില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞങ്ങള്‍ക്കും
ആശ്വാസമായി.
സച്ചിന്റെ ബാറ്റിംഗ് കണ്ട് എല്ലാരും ആസ്വദിച്ച് കയ്യടിച്ചു നില്കുന്ന സമയം .ബുള്ളെറ്റ്
കണക്കിന്‌ ഒരു കവര്‍ ഡ്രൈവ് ഫോര്‍ ആയപ്പോള്‍എല്ലാരും കയ്യടിച്ചു.പിന്നെ അതിന്റെ റീപ്ലേ കാണിച്ചപ്പോ അമ്മച്ചി മാത്രമിരിന്നു കയ്യടിച്ചു,എന്നിട്ടു പറഞ്ഞു പിന്നെയും ഒരുഫോറെന്ന്.

ഒരുദിവസം സജൂന്റെ കസിന്‍ ഉല്ലാസ് സജൂനെ കാണാന്‍ വേണ്ടി ഞങ്ങളുടെ വീട്ടില്‍ വന്നു.അവന്റെ കഷ്ടകാലത്തിന്‌ ഞങ്ങള്‍ കോളേജീന്നു വരാന്‍ ഏതാണ്ട് ഒരു മണിക്കൂറു കൂടെയുള്ളപ്പോളാണ്‌ ആശാന്‍ എത്തിയത്,വന്ന ഗസ്റ്റിന്‌ ബോറടിക്കരുതല്ലോന്നോര്‍ത്ത് ഒരു മണിക്കൂര്‍ മുഴുവന്‍ അമ്മച്ചി അമ്മച്ചീന്റെ പയമ്പുരാണം കേള്‍പ്പിച്ചു കൂട്ടിരുന്നു.

അമ്മച്ചിക്ക് ആകെലുള്ള മോനാണ്‌ രാധാകൃഷ്ണന്‍.മക്കള്‍ ആയിട്ട് കെട്ടിച്ചുവിട്ട പെണ്‍പിള്ളേര്‍ രണ്ടെണ്ണം വേറെ ഉണ്ടെങ്കിലും അമ്മച്ചിക്ക് സ്നേഹം രാധാകൃഷ്ണനോടായിരുന്നു.ആ സ്നേഹത്തിന്റെ പുറത്ത് അവനെ രാധാന്നു വിളിച്ചു പോന്നു.രാധ ബോംബേയില്‍ ഏതോ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഉല്ലാസിനോട് പറഞ്ഞ കഥയില്‍ മുഴുവന്‍ രാധേടെ വീര സാഹസിക കഥകള്‍ നിറഞ്ഞു നിന്നു.വന്നു പെട്ടു പോയതു കൊണ്ട് ,ഉല്ലാസിരുന്ന് മനസ്സില്ലാ മനസ്സോടെ രാധായണം മുഴുവനും കേട്ടു.

പക്ഷെ കഥയില്‍ മുഴുവന്‍ രാധ എന്നു മാത്രം പറഞ്ഞത് കൊണ്ട് ഉല്ലാസിന്‌ മനസ്സില്‍ ഒരു സംശയം വന്ന് തിങ്ങി നിന്നു ...ഈ രാധഅമ്മച്ചീന്റെ മോനാണോ അതോ മോളോ.

ഒടുക്കം അമ്മച്ചി രാധ പുരാണമൊക്കെ തീര്‍ത്തപ്പോ ഉല്ലാസ് പതുക്കെ ചോതിച്ചു അല്ല
അമ്മച്ചീ ഈ രാധ അമ്മച്ചീന്റെ മോനാണോഅതോ മോളോ...ഇത് കേട്ടതും അമ്മച്ചീന്റെ മുഖമങ്ങട്ട് ചുവന്നു ,എന്നിറ്റ് ചോദിച്ചു ഇത്രയും നേരം ഈ രാമായണം മുഴുവന്‍ കേട്ടിട്ട് ഇപ്പൊളാണൊടാ ചോദിക്കുന്നെ ആദവും അലാവുധീനും തമ്മിലെന്ത് ബന്ധമെന്ന്...പാവം ഉല്ലാസ് വെറുതേ വഴിയേ പോയ ഒരു കത്തി എടുത്ത് പറയാന്‍ പറ്റാത്തേടത്ത് വെച്ചമാതിരി ആയി.

പഠിക്കുന്ന കാര്യമൊഴിച്ചുള്ള കാര്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ മൂന്നു പേര്‍ക്കും ഭയങ്കര യോജിപ്പായിരുന്നു.ചെങ്ങന്നൂരുള്ള തിയേറ്ററുകളില്‍ ഫസ്റ്റ് റിലീസ് ഇല്ലാത്തതിന്റെ കുറവു തീര്‍ക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ റേഞ്ച് കോട്ടയം മുതല്‍ മാവേലിക്കര വരെയാക്കിനീട്ടി.ക്രിക്കെറ്റിനോടുള്ള അമിതാവേശം മൂലം പഠിപ്പെടുക്കല്‍ പിന്നെയുമാകാം എന്നും പറഞ്ഞ് യൂണിവെസിറ്റി പരീക്ഷന്റെ തലേന്നു വരെ കളിച്ചു നടന്നു.

മൂന്നാം സെമെസ്റ്റെറിന്റെ പരീക്ഷ വന്നപ്പോള്‍ ,ആദ്യത്തെ പരീക്ഷന്റെ അന്ന് തന്നെ അമ്മച്ചി കാലത്തെ എണീറ്റ് എല്ലാവര്‍ക്കും വേണ്ടി സ്പെഷ്യല്‍ പ്രാര്‍ത്ഥന ഒരെണ്ണങ്ങട്ട് നടത്തി എന്നിട്ട് അമ്മച്ചി അമൃദാനന്ദ അമ്മയെപോലെ ഒരോരുത്തരുടെയും തലയില്‍ കൈ വെച്ചു ആശീര്‍വദിച്ചു വിട്ടു, സെമെസ്റ്റെറിന്റെ റിസല്‍ട്ട് വന്നപ്പൊ എല്ലാരും എട്ടു നിലയില്‍ പൊട്ടി,അതിനും അമ്മച്ചിക്കിട്ടു തന്നെ എല്ലാരും പയിചാരി,അമ്മച്ചീന്റെഒടുക്കത്തെ ഒരു പ്രാര്‍ത്ഥനയാണിതിനൊക്കെ കാരണം എന്നും പറഞ്ഞ്.പാവം അമ്മച്ചി...

ഏതായാലും,ഇങ്ങനെ പോയാല്‍ അതികം ദൂരം പോകില്ല എന്ന തിരിച്ചറിവു കൊണ്ട് ,ഒരു കൊല്ലം തികയുന്നതിന്‌ മുന്‍പെ മൂന്നുപേരും മൂന്നു വഴിക്ക് താമസം മാറി.

ചെങ്ങന്നൂരിനോട് വിട പറഞ്ഞിട്ടിപ്പോള്‍ 8 വര്‍ഷം തികയുന്നു.പക്ഷെ,അവിടുത്തെ കുറേ നല്ല ഓര്‍മകളുടെ കൂട്ടത്തില്‍ അപ്പൂപ്പനും അമ്മച്ചിയും മായാത്ത ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു.