July 11, 2009

നിത്യകന്യക

പ്രതീക്ഷകളായിരുന്നു അലീനയുടെ ജീവിതത്തിന്റെ ഏക ആശ്രയം.അത് കൊണ്ട് തന്നെ പെണ്ണ് കാണാന്‍ വരുന്ന ഓരോരുത്തരുടെ മുന്നിലും അവള്‍ അണിഞ്ഞൊരിങ്ങി നിന്നു,അല്‍പ്പം വിശമത്തോടെയാണെങ്കിലും.

ഓരോ പെണ്ണുകാണലും മറ്റൊന്നിന്റെ തനിപകര്‍പ്പായിട്ടവള്‍ക്ക് തോന്നി. ഏതാണ്ട് ഒരേ രീതിയിലുള്ള ചോദ്യങ്ങള്‍,ഭാവങ്ങള്‍.ആളുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ എത്ര പേര്‍ തന്നെ വന്ന്
കണ്ട് പോയെന്ന് അവള്‍ക്കറിയില്ലായിരുന്നു.

ഉമ്മയുടെ വയറ്റില്‍ നാലുമാസം പ്രായമെത്തുമ്പോള്‍ നിശ്ചയിക്കപ്പെടുന്നതാണുപോലും ഓരോ ജീവന്റേയും ഭാവി.ഓരോ മനുഷ്യനും കഥയറിയാതെ ആടുന്ന വെറും പാവകള്‍ മാത്രം.സമയമാവുന്ന പടു വൃക്ഷം തരുന്ന കായ്കള്‍ നല്ലതോ ചീത്തയോ എന്ന് രുജിച്ച് നോക്കാന്‍ കഴിയാതെ ഭക്ഷിക്കേണ്ടി വരുന്നവര്‍.എല്ലാവരേയും പോലെ അലീനയും തന്റെ സമയത്തിനായി കാത്തിരുന്നു,അതില്‍ വിശ്വസിച്ചു.

പക്ഷേ, ആ പടു വൃക്ഷം എന്നും വേദനകള്‍മാത്രമായിരുന്നു അവള്‍ക്കുവേണ്ടി കരുതിയിരുന്നത്.ആദ്യമായി ഉപ്പയുമായി പിണങ്ങി വീട് വിട്ട് പോയ ഉമ്മയുടെ രൂപത്തില്‍ ,പിന്നെ തന്റെ എല്ലാമെല്ലാമായൈരുന്ന വല്യുമ്മ ,അവര് വിട പറഞ്ഞ് പോയിട്ട് ഒരു കൊല്ലം കഷ്ടിച്ചേ ആകുന്നുള്ളൂ.ഇപ്പോള്‍ ഒരു വലിയ വീട്ടില്‍ താനും തന്റെ ഉപ്പയും മാത്രം.

വയസ്സു കാലത്ത് താനൊറ്റപ്പെടുമെന്ന തന്റെ ഉപ്പയുടെ ചിന്ത 30 വയസ്സു കഴിഞ്ഞിട്ടും നടക്കാത്ത തന്റെ കല്യാണത്തിന് ഒരു വലിയ കാരണമായി അവള്‍ക്ക് തോന്നി.മുന്‍പൊക്കെ ആരെങ്കിലും ഒക്കെ കല്യാണ ആലോജനകളുമായി വരാറുണ്ടായിരുന്നു,ഇപ്പോള്‍ അത് കുറഞ്ഞ് കുറഞ്ഞ് വന്നു,ഇനി വന്നാലും വല്ല രണ്ടാം കെട്ടും...

അവളുടെ ജീവിതത്തിലെ ഓരോ ബന്ധങ്ങളും മഴയത്ത് ചേമ്പിലത്താളില്‍ വന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പോലെയാണെന്ന് അവള്‍ക്ക് തോന്നി,മഴ പെയ്ത് തീരുമ്പോള്‍ അവസാനത്തെ ഒരു തുള്ളി അതില്‍ ഒഴുകി നടക്കും,ഒരു പ്രതീക്ഷക്കെന്നോണം...

കാലത്തിന്റെ നടപ്പാതയിലൂടെ നടന്ന് നീങ്ങിയപ്പോള്‍ കുഴിച്ച് മൂടിയതും,ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നതുമായിട്ട് ഒരുപാടുണ്ടായിരുന്നു അവളുടെ മനസ്സില്‍.അതില്‍ തന്നെ ആദ്യമായിട്ട് ഇഷ്ടമാണെന്ന് പറഞ്ഞ സലീമെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അയാളെ താന്‍ കണ്ട് തുടങ്ങിയത്,സ്കൂളിലെ ആരുമില്ലാത്ത ഇടനാഴികളില്‍ .അന്ന് അയാളുടെ മനസ്സിലുണ്ടായിരുന്നത് ശെരിക്കുമുള്ള സ്നേഹമായിരുന്നോ,അറിഞ്ഞുകൂടാ....

സ്കൂള്‍ യൂത്ത്ഫെസ്റ്റിവെല്‍ നടക്കുന്നദിവസം രാത്രി ഒരു സമ്മാനം തരാമെന്ന് പറഞ്ഞ് സ്കൂളിന്റെ ആളില്ലാത്ത ഒരു കോണിലേക്ക് വിളിച്ചു കൊണ്ട് പോയി തന്നെ കെട്ടിപ്പിടിച്ചതും ,ചുണ്ടില്‍ മുത്തമിട്ടതും , താന്‍ കൊതറി ഓടിയപ്പോള്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞതും വെറുതെയായിരുന്നോ...


ഇപ്പോഴും ഗെയ്റ്റിന്റെ മുന്നിലൂടെ സൈക്കിളില്‍ ബെല്ലടിച്ച് അവന്‍ വരുമെന്ന് തോന്നാന്‍ കാരണമെന്താണ്..
അയാള്‍ വേറെ കല്യാണം കഴിച്ചെന്നറിഞ്ഞപ്പോള്‍ തന്റെ ഉള്ളിലുള്ള വികാരമെന്തായിരുന്നു....തനിക്കയാളെ വെറുക്കാന്‍ കഴിയുമായിരുന്നില്ലല്ലോ അല്ലേ.....

പക്ഷേ പാഠപുസ്ത്തകത്തില്‍ നിന്നും പഠിച്ചതിനേക്കാള്‍ കൂടുതല്‍ അവള്‍ സ്വന്തം ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ നിന്നും പഠിച്ചിരുന്നു.അതിലൂടെ അവള്‍ ഒരുപാട് മാറിയിരുന്നു.അത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ കൈവിടാതെ അവള്‍ ഇന്നും ജീവിക്കുന്നു ,വരാനിരിക്കുന്ന നാളെക്കുവേണ്ടി....