ജീവിതത്തിലെ ഏകാന്തതക്ക് ഒരു ശമനം കിട്ടാനും കൂട്ടത്തില്‍ ഇച്ചിരി കാശും എന്നുള്ള പോളിസിയിലാണ് അമ്മക്കിളീന്നു വിളിക്കുന്ന കാര്‍ത്യായനി അമ്മച്ചിയുടെയും കൊച്ചേട്ടന്‍ എന്നു വിളിക്കുന്ന അവരുടെ ഭര്‍ത്താവിന്റെയും മാത്രം ലോകത്തേക്ക് പേയിംഗ് ഗോസ്റ്റുകളായിട്ട് ഞങ്ങള്‍ മൂന്ന് ചെങ്ങന്നൂര്‍ എഞ്ചിനീയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്തികള്‍ -ഞാന്‍,കുന്നികോട്ടുകാരന്‍ സജു,എറണാകുളത്തു കാരന്‍ഹരീഷും കൂടെ വന്നു ചേരുന്നത്.ഇടക്ക് സുബ്രമണിയന്‍ എന്ന ഒരു കോട്ടയത്തുകാരനും വന്നു കുടിയേറിയിരുന്നു.പക്ഷെ അവന്‍ വീട് അടുത്തായത് കൊണ്ട് വീട് മടുക്കുമ്പോള്‍ മാത്രം വരാനുള്ള ഒരു ഇടക്കാല വസതി എന്നേ അതിനെ കണ്ടിരുന്നുള്ളൂ.
രണ്ടാം സെമെസ്റ്റെറിന്റെ തുടക്കത്തിലാണ് ഞങ്ങള്‍ അവിടെ ചേക്കേറുന്നത്.ആ വീടിന്റെ പ്രത്യേകതകളില്‍ ഒന്ന്,കോളേജിന്റെ ബാക്കില്‍ തന്നെ ആയതുകൊണ്ട് അതികം നടന്ന് കാലിനിട്ട് പണി കൊടുക്കണ്ട,പിന്നെ ഈ വീടിന്റെ മുന്നില്‍ കൂടെയാണ് രംഭ തിലോത്തമമാര്‍ മുഴുവന്‍ കോളേജിലേക്ക് പോയി കൊണ്ടിരുന്നത്.
കോളേജ് വിട്ടു വന്നാല്‍ നിരന്ന് വീട്ടിലെ സ്റ്റെപ്പിന്റെ മുകളിലിരുന്ന് ഒരു കത്തിയടി പതിവായിരുന്നു.അവിടെ ഇരുന്നാകുമ്പോള്‍ താളിയും ഒടിക്കാം പൂരവും കാണാം,എന്നു പറഞ്ഞപോലെ കത്തി വിത് വായ്‌നോട്ടമായിരുന്നു ലക്ഷ്യം.
ചെവീടെ ഗാരണ്ടി പിരീഡ് ഏതാണ്ട് അമ്മച്ചിക്കും കൊച്ചേട്ടനും തീര്‍ന്നു തുടങ്ങിയിരുന്നു.അതു കൊണ്ട് ഇവര്‍ രണ്ടാളും സ്നേഹത്തോടെഎന്തെങ്കിലും പറയുന്നത് കേട്ടാല്‍ പോലും തല്ലി പിരിയാന്‍ പോവുന്നെന്നേ ഞങ്ങള്‍ക്കു തോന്നാറുള്ളായിരുന്നു.വെയില്‍ ഉച്ചി വെരെഎത്തിയാലും എഴുന്നേല്കാത്ത ഞങ്ങളെ കാലത്ത് ആറുമണിക്കു തന്നെ ഉണര്‍ത്തുന്നതില്‍ ഇവരുടെ ഈ സ്നേഹ സംഭാഷണങ്ങള്‍ നല്ലൊരു പങ്കു വഹിച്ചു പോന്നു.
അമ്മച്ചി തന്റെ ഫ്ലാഷ് ബാക്ക് കഥകള്‍ അവതരിപ്പിക്കുമ്പോള്‍ കറുത്തിരിണ്ട അമ്മച്ചിയുടെ മുഖത്തും ഏഴു സുന്ദര രാത്രികള്‍ പാടുന്ന ഷീലാമ്മയെ പോലെ ഒരു ചെറിയ തെളിച്ചമൊക്കെ കാണാമായിരുന്നു.അമ്മച്ചി പഴയ ഒരു നാടക നടി ആയിരുന്നു.കൊച്ചേട്ടന്‍ ആ നാട്ടിലെ ഒരു പേരുകേട്ട കുടുംബത്തെ അംഗവും.പോരാത്തതിന് എക്സ്-മിലിട്രിയും.അപ്പൂപ്പെനെന്ത് കണ്ടിട്ട് അമ്മച്ചിയെ പ്രേമിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് എത്ര ആലോജിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.ഏതൊരു പട്ടാളക്കാരെനെയും പോലെ,പഴയ പട്ടാള കത്തി ഇടക്ക് എടുക്കുമെന്നല്ലാതെ അപ്പൂപ്പനെക്കൊണ്ട് വേറെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല.
ഒരു ഇന്ത്യ പാക്കിസ്താന്‍ ക്രിക്കെറ്റുള്ള ദിവസം.ഞങ്ങള്‍ മൂന്നുപേര്‍ക്കും ക്രിക്കെറ്റ് കാണാന്‍ ആണെങ്കില്‍ വേറെ വഴി ഒന്നും കാണുന്നില്ല.പിന്നെ ആകെ ശരണം അമ്മച്ചിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി തന്നെ.ബ്ലാക്ക് ആന്റ് വൈറ്റ് എങ്കില്‍ ബ്ലാക്ക് ആന്റ് വൈറ്റ് പക്ഷെ അമ്മച്ചിയെ കൊണ്ട്
തുറപ്പിക്കുന്നതെങ്ങിനെ.അമ്മച്ചി ടിവി വാങ്ങിച്ചതു തന്നെ രാമായണം കാണാനും ജയ് ഹനുമാന്‍ കാണാനും മാത്രമാണ് .പിന്നെ അപ്പുറത്തെ വീട്ടിലെ കൊച്ചുങ്ങള്‍ വരുന്നത് കൊണ്ട് ഞായറാഴ്ചത്തെ സിനിമക്കും ഒന്നു തുറക്കും.
മണി അടിക്കാന്‍ സജു മിടുക്കനായതുകൊണ്ട് അവന്‍ പയ്യെ അമ്മച്ചിയെ പോയി സോപ്പിട്ടു,അന്നത്തെ ക്രിക്കെറ്റിന്റെ പ്രത്യേകതയേയും അതു മിസ്സ്ആയാല്‍ ഞങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന തീരാ നഷ്ടത്തേയും കുറിച്ച്.അങ്ങിനെ മനസ്സില്ലാ മനസ്സോടെ അമ്മച്ചി വന്നു ടിവി
തുറന്നു.എന്നിറ്റ് ഞങ്ങളെ കൂടെ ടിവീടെ മുന്നില്‍ തന്നെ ഇരുന്നു. അമ്മച്ചിക്ക് ഇഷ്ടമാകാത്തതൊന്നും ആ ടിവിയില്‍ ആരും കാണരുതെന്നൊരു നിര്‍ബന്ധം അമ്മച്ചിക്കുണ്ടായിരുന്നു, സജു അത് കണ്ടറിഞ്ഞ് തന്നാല്‍ ആവുന്ന രീതിയില്‍ ക്രിക്കെറ്റ് ആസ്വദിക്കാനുള്ള എളുപ്പ മാര്‍ഗങ്ങല്‍ ഒരു കാപ്സ്യൂള്‍ രൂപത്തിലാക്കി അമ്മച്ചിക്കുപറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.അപ്പൊ അമ്മച്ചിക്കൊരു സംശയം ,ആ മടലും കൊണ്ട് ഓടുന്നത് എന്നാത്തിനാ ,അതമ്മച്ചീ റണ്‍സെടുക്കാനാ..എന്ദ് ഔണ്‍സൊ .അരീന്നു പറഞ്ഞാ തെറീന്നു കേള്‍ക്കുന്ന അമ്മച്ചിയോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ,ഔണ്‍സെങ്കീ ഔണ്‍സ്.ഞങ്ങള്‍ മിണ്ടാതിരിന്ന് കളി കണ്ടു.
പിന്നെ സച്ചിന്‍ ഒരു ഫോര്‍ അടിച്ചപ്പൊ അതാണ് അമ്മച്ചീ ഫോര്‍ എന്നും പറഞ്ഞ്
അമ്മച്ചിയെ ഫോര്‍ പഠിപ്പിക്കലായി അടുത്ത പരിപാടി.
ഏതായാലും അമ്മച്ചി കളി നല്ല രസത്തില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞങ്ങള്‍ക്കും
ആശ്വാസമായി.
സച്ചിന്റെ ബാറ്റിംഗ് കണ്ട് എല്ലാരും ആസ്വദിച്ച് കയ്യടിച്ചു നില്കുന്ന സമയം .ബുള്ളെറ്റ്
കണക്കിന് ഒരു കവര്‍ ഡ്രൈവ് ഫോര്‍ ആയപ്പോള്‍എല്ലാരും കയ്യടിച്ചു.പിന്നെ അതിന്റെ റീപ്ലേ കാണിച്ചപ്പോ അമ്മച്ചി മാത്രമിരിന്നു കയ്യടിച്ചു,എന്നിട്ടു പറഞ്ഞു പിന്നെയും ഒരുഫോറെന്ന്.
ഒരുദിവസം സജൂന്റെ കസിന്‍ ഉല്ലാസ് സജൂനെ കാണാന്‍ വേണ്ടി ഞങ്ങളുടെ വീട്ടില്‍ വന്നു.അവന്റെ കഷ്ടകാലത്തിന് ഞങ്ങള്‍ കോളേജീന്നു വരാന്‍ ഏതാണ്ട് ഒരു മണിക്കൂറു കൂടെയുള്ളപ്പോളാണ് ആശാന്‍ എത്തിയത്,വന്ന ഗസ്റ്റിന് ബോറടിക്കരുതല്ലോന്നോര്‍ത്ത് ഒരു മണിക്കൂര്‍ മുഴുവന്‍ അമ്മച്ചി അമ്മച്ചീന്റെ പയമ്പുരാണം കേള്‍പ്പിച്ചു കൂട്ടിരുന്നു.
അമ്മച്ചിക്ക് ആകെലുള്ള മോനാണ് രാധാകൃഷ്ണന്‍.മക്കള്‍ ആയിട്ട് കെട്ടിച്ചുവിട്ട പെണ്‍പിള്ളേര്‍ രണ്ടെണ്ണം വേറെ ഉണ്ടെങ്കിലും അമ്മച്ചിക്ക് സ്നേഹം രാധാകൃഷ്ണനോടായിരുന്നു.ആ സ്നേഹത്തിന്റെ പുറത്ത് അവനെ രാധാന്നു വിളിച്ചു പോന്നു.രാധ ബോംബേയില്‍ ഏതോ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഉല്ലാസിനോട് പറഞ്ഞ കഥയില്‍ മുഴുവന്‍ രാധേടെ വീര സാഹസിക കഥകള്‍ നിറഞ്ഞു നിന്നു.വന്നു പെട്ടു പോയതു കൊണ്ട് ,ഉല്ലാസിരുന്ന് മനസ്സില്ലാ മനസ്സോടെ രാധായണം മുഴുവനും കേട്ടു.
പക്ഷെ കഥയില്‍ മുഴുവന്‍ രാധ എന്നു മാത്രം പറഞ്ഞത് കൊണ്ട് ഉല്ലാസിന് മനസ്സില്‍ ഒരു സംശയം വന്ന് തിങ്ങി നിന്നു ...ഈ രാധഅമ്മച്ചീന്റെ മോനാണോ അതോ മോളോ.
ഒടുക്കം അമ്മച്ചി രാധ പുരാണമൊക്കെ തീര്‍ത്തപ്പോ ഉല്ലാസ് പതുക്കെ ചോതിച്ചു അല്ല
അമ്മച്ചീ ഈ രാധ അമ്മച്ചീന്റെ മോനാണോഅതോ മോളോ...ഇത് കേട്ടതും അമ്മച്ചീന്റെ മുഖമങ്ങട്ട് ചുവന്നു ,എന്നിറ്റ് ചോദിച്ചു ഇത്രയും നേരം ഈ രാമായണം മുഴുവന്‍ കേട്ടിട്ട് ഇപ്പൊളാണൊടാ ചോദിക്കുന്നെ ആദവും അലാവുധീനും തമ്മിലെന്ത് ബന്ധമെന്ന്...പാവം ഉല്ലാസ് വെറുതേ വഴിയേ പോയ ഒരു കത്തി എടുത്ത് പറയാന്‍ പറ്റാത്തേടത്ത് വെച്ചമാതിരി ആയി.
പഠിക്കുന്ന കാര്യമൊഴിച്ചുള്ള കാര്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ മൂന്നു പേര്‍ക്കും ഭയങ്കര യോജിപ്പായിരുന്നു.ചെങ്ങന്നൂരുള്ള തിയേറ്ററുകളില്‍ ഫസ്റ്റ് റിലീസ് ഇല്ലാത്തതിന്റെ കുറവു തീര്‍ക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ റേഞ്ച് കോട്ടയം മുതല്‍ മാവേലിക്കര വരെയാക്കിനീട്ടി.ക്രിക്കെറ്റിനോടുള്ള അമിതാവേശം മൂലം പഠിപ്പെടുക്കല്‍ പിന്നെയുമാകാം എന്നും പറഞ്ഞ് യൂണിവെസിറ്റി പരീക്ഷന്റെ തലേന്നു വരെ കളിച്ചു നടന്നു.
മൂന്നാം സെമെസ്റ്റെറിന്റെ പരീക്ഷ വന്നപ്പോള്‍ ,ആദ്യത്തെ പരീക്ഷന്റെ അന്ന് തന്നെ അമ്മച്ചി കാലത്തെ എണീറ്റ് എല്ലാവര്‍ക്കും വേണ്ടി സ്പെഷ്യല്‍ പ്രാര്‍ത്ഥന ഒരെണ്ണങ്ങട്ട് നടത്തി എന്നിട്ട് അമ്മച്ചി അമൃദാനന്ദ അമ്മയെപോലെ ഒരോരുത്തരുടെയും തലയില്‍ കൈ വെച്ചു ആശീര്‍വദിച്ചു വിട്ടു, സെമെസ്റ്റെറിന്റെ റിസല്‍ട്ട് വന്നപ്പൊ എല്ലാരും എട്ടു നിലയില്‍ പൊട്ടി,അതിനും അമ്മച്ചിക്കിട്ടു തന്നെ എല്ലാരും പയിചാരി,അമ്മച്ചീന്റെഒടുക്കത്തെ ഒരു പ്രാര്‍ത്ഥനയാണിതിനൊക്കെ കാരണം എന്നും പറഞ്ഞ്.പാവം അമ്മച്ചി...
ഏതായാലും,ഇങ്ങനെ പോയാല്‍ അതികം ദൂരം പോകില്ല എന്ന തിരിച്ചറിവു കൊണ്ട് ,ഒരു കൊല്ലം തികയുന്നതിന് മുന്‍പെ മൂന്നുപേരും മൂന്നു വഴിക്ക് താമസം മാറി.
ചെങ്ങന്നൂരിനോട് വിട പറഞ്ഞിട്ടിപ്പോള്‍ 8 വര്‍ഷം തികയുന്നു.പക്ഷെ,അവിടുത്തെ കുറേ നല്ല ഓര്‍മകളുടെ കൂട്ടത്തില്‍ അപ്പൂപ്പനും അമ്മച്ചിയും മായാത്ത ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു.